അതിനിടയിൽ തൊട്ടു തൊടാതെ എന്ന മട്ടിൽ നിൽക്കുന്ന ഓടിട്ട വളരെ ചെറിയ വീടുകൾ. ചെറിയ കെട്ടിടങ്ങൾ അങ്ങിങ്ങായി ഉണ്ടെങ്കിലും എല്ലാം ഒരു ദീപ് കണക്കെ നിൽക്കുന്നു, ഒന്നിനൊന്നോടു തീർത്തും ബന്ധമില്ലാതെ…
ശരിക്കും പറഞ്ഞാൽ എൻ്റെ കുട്ടിക്കാലത്തു ഞാൻ ഓടിക്കളിച്ചു നടന്നിരുന്ന പറമ്പിൻറെ പ്രതീതി ജനിപ്പിക്കുമാറ് ഒരിടം.
ആ വിശാലമായ പറമ്പിൻറെ ഒത്ത നടുവിലായി വിസ്തൃതിയും ആഴവും ഉള്ള ഒരു വലിയ കിണർ. ഒരു സുന്ദര ദൃശ്യം കണക്കെ അതിൻ്റെ അഗാധതയിലേക്കു നീണ്ടു കിടക്കുന്ന കൽപ്പടവുകൾ.
വേനൽക്കാലമായതു കൊണ്ടാകാം അതിൽ ഒരു തുള്ളി വെള്ളം പോലുമുണ്ടായിരുന്നില്ല. പക്ഷെ അതിൽ വക്കോളം വെള്ളമുണ്ടാകുമെന്നും, അപ്പോൾ അതിനു മറ്റൊരു മുഖമാണെന്നും ഞാൻ മനസിലാക്കിയത് എൻ്റെ സഹപ്രവർത്തകൻ അത്തരത്തിലൊരു പടം കാണിച്ചു തന്നപ്പോഴാണ്.
കണ്ടു കഴിഞ്ഞാൽ കേരളം എന്ന് തോന്നിപ്പിക്കുമെങ്കിലും, എന്നെ ഭ്രമിപ്പിച്ച ആ സ്ഥലം ബാംഗ്ലൂരിലെ കൊത്തന്നൂരിനുള്ള ഒരു എൻജിഒ ആയിരുന്നു. ഒരു കോൺഫെറെൻസിൻറെ ഭാഗമായിട്ടായിരുന്നു ഞാൻ അവിടെ പോയത് .
ആദ്യത്തെ ഇടവേള കിട്ടിയ സമയം ഞങ്ങളിൽ പലരും സൊറ പറഞ്ഞു ആ കിണറിനരികിൽ ചുറ്റി പറ്റി നിന്നു. എന്നാൽ അതിലേക്കു ഇറങ്ങാനുള്ള അവസരം ലഭിച്ചത് ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയിൽ ആയിരുന്നു . പലരും ആയാസകരമായി ആ കല്പടവുകളിലൂടെ ഇറങ്ങി കിണറിൻറെ ആഴത്തിൽ നിലയുറപ്പിച്ചപ്പോൾ എനിക്കും എൻ്റെ സഹപ്രവർത്തകയ്ക്കും പകുതി വരെ പോകാനേ കഴിഞ്ഞുള്ളു .
ചവിട്ടുപടികളിൽ നിറയെ പുളിയനുറുമ്പുകൾ ആയിരുന്നു. കടി കിട്ടിയാൽ അടി തെറ്റുമോ എന്ന പേടി കാരണം ഇറക്കം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. എന്നിരുന്നാലും ഒരു പടം എടുത്ത ശേഷമായിരുന്നു ഞങ്ങൾ തിരിച്ചു കയറിയത്. ആ അന്തരീക്ഷത്തെ കുറിച്ച് എഴുതണമെന്നു കലശലായ മോഹമുദിച്ചതു അതിനു ശേഷമായിരുന്നു.
പിന്നീട് മനസിലായി അവിടെ കുറച്ചു ദിവസം താമസിക്കാനുള്ള സൗകര്യം കിട്ടുമെന്ന്. എൻജിഒ ആയതിനാൽ താരതമ്യേന പൈസയും കുറവ്. ഞങ്ങളുടെ കോൺഫെറെൻസിനു പങ്കെടുക്കാൻ ദൂരെ നിന്ന് വരുന്നവർക്ക് അവിടെ താമസ സൗകര്യം ഏർപ്പെടുത്തിയിരുന്നു. അന്ന് ഞാൻ താമസിക്കുന്ന ഇടം കൊത്തന്നൂരിനടുത്തായതിനാൽ എനിക്ക് ആ ഭാഗ്യം ഇല്ലാതെ പോയി. എന്തായാലും, രണ്ടു ദിവസം അവിടെ താമസിച്ചു എൻ്റെ ട്രാവൽ ബ്ലോഗിൽ രണ്ടു വരി കുറിക്കണം എന്ന് തന്നെ ഞാൻ നിശ്ചയിച്ചുറച്ചു.
അന്നത്തെ പരിപാടി കഴിഞ്ഞിറങ്ങിയപ്പോൾ ഇരുട്ട് വീണു തുടങ്ങിയിരുന്നു. ഞങ്ങൾ തിരിച്ചു പോന്നത് ആ കിണറ്റിനരികിലൂടെ ആയിരുന്നു. അപ്പോൾ അതിനു മറ്റൊരു മുഖമായിരുന്നു – ഭീതിയുടെ മുഖം. അതായിരിക്കാം ഒരുപക്ഷെ ഞങ്ങളെയെല്ലാം മരണത്തെയും പ്രേതബാധകളെയും കുറിച്ചുള്ള കഥകൾ പറയാൻ പ്രേരിപ്പിച്ചത് .
കണ്ടതും കേട്ടതും ആയ എല്ലാ കഥകളും വളരെ കുറച്ചു നിമിഷത്തിനുള്ളിൽ തന്നെ ഞങ്ങൾ പങ്കു വെച്ച് പിരിഞ്ഞു . അതിലൊന്ന് എൻ്റെ കുന്നംകുളത്തെ വീടിനടുത്തുള്ള ഒരു ചേടത്തി അവരുടെ പറമ്പിലെ വലിയ കിണറിൽ ചാടി ആത്മഹത്യ ചെയ്ത കഥയായിരുന്നു.
ആ കഥകൾ ഒക്കെ പങ്കു വെച്ചിരുന്ന സമയത്തു ഞങ്ങളുടെ കൂട്ടത്തിൽ ബെല്ലാരിയിൽ നിന്ന് വന്ന തിമ്മയ്യയും ഉണ്ടായിരുന്നു ( അദ്ദേഹത്തിൻ്റെ പേര് മാറ്റി ഉപയോഗിച്ചിരിക്കുന്നു). അവിടെ താമസ സൗകര്യം കിട്ടിയ ഒരാൾ അയാളായിരുന്നു.
നല്ല ചുറുചുറുക്കുള്ള ഒരു മധ്യവയസ്ക്കനായിരുന്നു അയാൾ . ബലിഷ്ഠമായ കയ്യുകൾ , സാമാന്യം നല്ല പൊക്കം , മുടി കുറച്ചു നീട്ടി വളർത്തിയിരുന്നു. കണ്ടാൽ ഏതു കാളക്കൂറ്റനെയും ഒറ്റയ്ക്ക് നേരിടാനുള്ള ചങ്കൂറ്റം ഉണ്ടെന്നു തോന്നി പോകുന്ന തരത്തിലുള്ള തലയെടുപ്പ്.
പിറ്റേ ദിവസം പതിവ് പോലെ കോൺഫറൻസ് തുടങ്ങി. തങ്ങളുടെ അനുഭവങ്ങൾ പങ്കു വയ്‌ക്കേണ്ട സമയമായപ്പോൾ ആദ്യത്തെ ഇടവേളയായി. അപ്പോഴാണ് എൻ്റെ മറ്റൊരു സഹപ്രവർത്തക പറഞ്ഞത്:
” അറിഞ്ഞില്ലേ, നമ്മുടെ തിമ്മയ്യയുടെ കാര്യം?”
” ഇല്ല. എന്ത് പറ്റി ? “
” ഇന്നലെ തിമ്മയ്യ താമസിച്ച മുറിയിൽ പ്രേതബാധ ഉണ്ടായത്രേ.”
” ഉവ്വോ? എന്നിട്ടു എവിടെ തിമ്മയ്യ?”
എൻ്റെ സഹപ്രവർത്തക ചൂണ്ടി കാട്ടിയ ഇടത്തേയ്ക്കു നോക്കിയപ്പോൾ ഞാൻ കണ്ടത് വാടിയ റോസാപ്പൂ കണക്കെ ഇരിക്കുന്ന തിമ്മയ്യയെ ആയിരുന്നു.
ഒട്ടും സമയം കളയാതെ ഞങ്ങൾ തിമ്മയ്യയുടെ അടുത്തെത്തി.
” കേട്ടതൊക്കെ ശരിയാണോ? തിമ്മയ്യ,” ഞാൻ ചോദിച്ചു .
” അതെ മാഡം. ഒക്കെ ശരിയാ ” ഒരു തമാശ കണക്കെ ആ സംഭവം കേട്ടിരുന്ന ഞാൻ അയാളുടെ മുഖത്തെ ഗൗരവഭാവം കണ്ടപ്പോൾ ചെറുതായൊന്നു വല്ലാതായി.
” എവിടെ നിങ്ങൾ താമസിച്ച മുറി. കാണിച്ചു തരുന്നതിൽ വിരോധമുണ്ടോ?, ” ഞാൻ ചോദിച്ചു.
കാണിച്ചു തരാമെന്നു സമ്മതിച്ചു തിമ്മയ്യ ഞങ്ങളെ താൻ താമസിക്കുന്ന മുറിയിലേക്ക് കൂട്ടികൊണ്ടുപോയി.
ഇത്തരം കാര്യങ്ങളെ കുറിച്ച് കേൾക്കുമ്പോൾ പകൽ സമയങ്ങളിൽ അസാമാന്യ ധൈര്യം പ്രകടിപ്പിക്കുകയും , രാത്രിയിൽ ഒരു പോള കണ്ണടയ്ക്കാൻ പാട് പെടുകയും ചെയ്യുന്ന ഞാൻ ആ മുറിയിൽ എത്തിയതും എല്ലാ മുക്കും മൂലയും വിശദമായി പരിശോധിക്കുവാൻ തുടങ്ങി.
വലുപ്പമുള്ള മുറിയാണെങ്കിലും, ഒരു വലിയ ഗോദറേജിന്റെ ഇരുമ്പളമാരയും രണ്ടു കട്ടിലുകളും ഇട്ടിരുന്നതിനാൽ വളരെ ഇടുങ്ങിയതായി തോന്നി. ചെറിയ രണ്ടു കട്ടിലുകളിൽ കൊതുകുവല ഇടുന്നതിനായുള്ള മരക്കാലുകൾ ഘടിപ്പിച്ചിരുന്നു. മുറിയെക്കാൾ വലുപ്പം തോന്നിപ്പിക്കുന്ന വൃത്തിയുള്ള കുളിമുറി. എല്ലാ മുറികളും ഒറ്റ കെട്ടിടങ്ങളായി നിന്നിരുന്നത് കൊണ്ട് ഒന്ന് ബഹളം വെച്ചാൽ പോലും ആരും കേൾക്കില്ല.
രാത്രി മാത്രമല്ല പകലും നല്ല തണുപ്പ്.സന്ധ്യയാകുമ്പോൾ തളം കെട്ടി നിൽക്കുന്ന മൂടല്മഞ്ഞു . കഴിഞ്ഞ രാത്രി ഒരുപക്ഷെ ഇങ്ങനെയായിരിക്കാം, അവിടെ നിന്ന് കൊണ്ട് ഞാൻ വെറുതെ ഊഹിച്ചു.
എന്താ സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ തിമ്മയ്യ പറഞ്ഞു തുടങ്ങി. ” ഏകദേശം പതിനൊന്നര പന്ത്രണ്ടായി കാണും. നല്ല തണുപ്പുള്ളതിനാൽ ഞാൻ കരിമ്പടവും പുതച്ചു ഉറങ്ങാൻ കിടന്നു. ഒന്ന് മയങ്ങി പോയ നിമിഷം. പെട്ടെന്ന് ആരോ എൻ്റെ കരിമ്പടം വലിച്ചു മാറ്റുന്നതായി തോന്നി. എന്നാൽ കണ്ണു തുറന്ന എനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല . എൻ്റെ തോന്നലാകാം എന്ന് കരുതി ഞാൻ വീണ്ടും ഉറങ്ങാൻ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആരോ പിന്നെയും കരിമ്പടം പിടിച്ചു മാറ്റുന്നത് പോലെ……
ഇത്തവണയും ആരെയും കണ്ടില്ലെങ്കിലും എൻ്റെ കരിമ്പടം കുറച്ചു ദൂരെ ആയി വാതിലിനടുത്തു കിടക്കുന്നതു കണ്ടു ഞാൻ ഞെട്ടി. ഇത് ഒരു രണ്ടു മൂന്ന് തവണ ആവർത്തിച്ചപ്പോൾ ഞാൻ ഭീതിയാൽ വിറയ്ക്കാൻ തുടങ്ങി. പലതവണ കൂടെയുള്ളവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പേടിച്ചവശനായ ഞാൻ കുറച്ചു കഴിഞ്ഞപ്പോൾ എങ്ങനെയോ മയങ്ങിപ്പോയി. രാവിലെ എഴുന്നേറ്റു നോക്കിയപ്പോൾ കൊതുകുവല കെട്ടുന്നതിനായി നാട്ടിയ കാലിൽ തൂക്കിയിട്ടിരിക്കുന്ന എൻ്റെ പാൻറ്സ് മുൻവാതിൽ തുറന്നപ്പോൾ അതിനു മുന്നിൽ കിടക്കുന്നു, ആരോ എടുത്തെറിഞ്ഞത് പോലെ, അതും പൂട്ടിയിട്ട മുൻവാതിലിനു വെളിയിൽ ..”
കഥ കേട്ട ഞാൻ എന്ത് പറയണം എന്നറിയാതെ കുഴങ്ങി. കൂടെ നിന്നവർ പലരും അയാളറിയാതെ അയാളെ കളിയാക്കുന്നുണ്ടായിരുന്നുവെങ്കിലും, അയാൾ കഥ മെനയുകയായിരുന്നു എന്ന് എനിക്ക് അശ്ശേഷം തോന്നിയില്ല.
ഒരുപക്ഷെ കഴിഞ്ഞ ദിവസത്തെ സംഭാഷണശകലങ്ങൾ ആയിരിക്കുമോ അയാളെ കൊണ്ട് അങ്ങനെ ഒക്കെ തോന്നിപ്പിച്ചത്. അതോ ശരിക്കും ആ മുറിയിൽ പ്രേതബാധയുണ്ടായിരുന്നോ ?
പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ നെഗറ്റീവ് എനർജിയും ഉണ്ട് എന്നല്ലേ ? പക്ഷെ ഇത് നെഗറ്റീവ് എനർജി ആകണമെന്ന് നിര്ബന്ധമില്ലല്ലോ ? അല്ലേ ?
സ്വന്തം അനുഭവങ്ങൾ പങ്കിടാനുള്ള വേളയിൽ ഇത് പറഞ്ഞു കൂടെ എന്ന് ചോദിച്ചപ്പോൾ, തിമ്മയ്യ വളരെ ദയനീയമായി അത് നിരാകരിച്ചു.
” വേണ്ട മാഡം. ഒരു രാത്രി മുഴുവൻ ഞാൻ അനുഭവിച്ചതാ. ആരും വിശ്വസിക്കില്ല. ആൾക്കാരുടെ മുൻപിൽ ഞാൻ ഒരു പരിഹാസ കഥാപാത്രമാകും. വെറുതെ എന്തിനാ ,” എന്ന് പറഞ്ഞു തിമ്മയ്യ നടന്നകലുന്നത് ഞാൻ നോക്കി നിന്നു.
അയാള് പറഞ്ഞത് സത്യമാണ്. നമ്മുടെ , ചിന്തകൾ , തോന്നലുകൾ , അനുഭവങ്ങൾ മറ്റുള്ളവർക്ക് യാഥാർഥ്യങ്ങളായി തോന്നണമെന്നു നിർബന്ധമില്ലല്ലോ, അല്ലേ ?
ഏതായാലും അവിടെ തനിയെ താമസിച്ചു ബ്ലോഗ് എഴുതുന്ന ആഗ്രഹം താത്ക്കാലത്തേയ്ക്കു ഞാൻ ഉപേക്ഷിച്ചു.
കല്യാണം കഴിക്കേണ്ടതിൻറെ ആവശ്യകത മനസ്സിലാക്കിയതും അപ്പോഴായിരുന്നു. 😎😎😎🤭🤭🤒
– ഷാലറ്റ് ജിമ്മി

No comments:
Post a Comment