Monday, October 23, 2023

രാത്രിയുടെ യാമങ്ങളിൽ .....

 


രാത്രിയുടെ യാമങ്ങളിൽ കറുത്തിരുണ്ട ആകാശത്തിനു  താഴെ, കണ്ണ് ചിമ്മി നിൽക്കുന്ന മണ്ണെണ്ണ വിളക്കിനു മുന്നിലിരുന്ന്‌ ഭാവിയുടെ നേർരേഖകൾ വായിച്ചു തരാമെന്ന ഭാവേന അവർ നമ്മെ കാത്തിരിക്കുന്നു ....

കയ്യില്ലാത്തവനും ഭാവിയുണ്ട് എന്ന് ചിന്തിക്കാതെ, ഈ ലോകം ഒരായുസ്സിൽ നമുക്കായി കാത്തു വെച്ചിരിക്കുന്ന ഭാവിയുടെ നേർരേഖകൾ  നിമിഷത്തിനുള്ളിൽ ഒരു കൈക്കുമ്പിളിൽ ഒതുക്കാമെന്ന വ്യാമോഹത്തോടെ നമ്മൾ ചിലപ്പോഴെങ്കിലും അവർക്കു മുന്നിലിരിക്കുന്നു.....

വെറുതെ , വെറുതെ .....

✍️ഷാലറ്റ് ജിമ്മി

Manuscript found in Accra by Paulo Coelho ( Malayalam Book Review)



700 വർഷക്കാലം ആരാലും കണ്ടെത്തപ്പെടാതെ കിടന്നിരുന്ന ഒരു കയ്യെഴുത്തു പ്രതി കണ്ടെത്തപ്പെടുന്നു. ഒരു പട്ടണത്തിന്റെ, അതിൽ വസിച്ചിരുന്നവരുടെ നിശ്വാസത്തിന്റെ  ചില അവസാന ചോദ്യങ്ങൾ ആയിരുന്നു അതിൽ. 


കുറച്ചൂടെ വ്യക്തമായി പറഞ്ഞാൽ ...


നൂറ്റാണ്ടുകൾക്ക് മുൻപ് ആക്ക്ര എന്ന നഗരം ആക്രമിക്കപ്പെടുന്നതിനു തലേന്നാൾ അവിടെയുള്ളവരെല്ലാം ഒരിടത്ത് ഒത്തുകൂടുന്നു.


അവരുടെ മുന്നിൽ ആയി ഒരു മനുഷ്യൻ. 


അടുത്ത ദിവസം പുലരുമ്പോൾ നടക്കാൻ പോകുന്ന ആ യുദ്ധത്തിൽ അവർ തോൽപ്പിക്കപ്പെടാം, മരണം സംഭവിക്കാം. എന്നിരുന്നാലും ആ അവസാന നിമിഷത്തിലും ആശ്വാസവും പ്രത്യാശയും പകരാനാകും എന്ന വിശ്വാസത്തോടെ അവരുടെ ഭയങ്ങളും, ആശങ്കകളും അയാളുമായി പങ്കു വെയ്ക്കുവാൻ അയാൾ ആവശ്യപ്പെടുന്നു. 


ആരാണയാൾ ?


കോപ്റ്റ് എന്നാണ് അയാളുടെ പേര്. Copt is a strange man എന്ന് പറഞ്ഞാണ് എഴുത്തുക്കാരൻ തുടങ്ങുന്നത്. ഗ്രീക്കുകാരനായ കോപ്റ്റ്  സാഹസികമായ ജീവിതവും , പണവും തേടി തന്റെ പട്ടണം വിടുന്നു. പല നാടുകളിലും അലഞ്ഞു തിരിഞ്ഞു നടക്കുന്നു. പട്ടിണി കിടക്കുന്നു. അവസാനം ആക്ക്ര എന്ന പട്ടണത്തിൽ എത്തി പെടുന്നു. അവിടെ തങ്ങാൻ അയാൾ തീരുമാനിക്കുന്നു. അവിടെയുള്ള ഒരു ചെരുപ്പുകുത്തിയോടൊപ്പം ജോലി നോക്കുന്നു. അടുത്ത തലമുറയ്ക്കായി തന്റെ അനുഭവങ്ങളും, താൻ കണ്ടതും കേട്ടതും ആയ കാര്യങ്ങൾ  അയാൾ രേഖപ്പെടുത്തി വെയ്ക്കുന്നു. 



അപ്പോഴാണ് യുദ്ധം വരുന്നത്. ആ വൈകിയ വേളയിലും പ്രത്യാശ കൈവിടരുതെന്നും തങ്ങൾ ജീവിച്ച ജീവിതം , അനുഭവങ്ങൾ തങ്ങളുടെ മാത്രമല്ലെന്നും അതിനു അവകാശികളായി തലമുറകൾ  തന്നെയുണ്ടെന്നും അയാൾ പറയുന്നു. 



ഭയാശങ്കകൾ ഉള്ളിൽ വെച്ച് കൊണ്ട് തന്നെ അവരോരുത്തരും വർഷങ്ങളായി മനസ്സിൽ കിടന്ന് തിളച്ചു മറിയുന്ന ചോദ്യങ്ങൾ അയാളോട് ചോദിക്കുന്നു. ഒരുപക്ഷെ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മുൻപേ കിട്ടിയിരുന്നെങ്കിൽ ചിലപ്പോൾ ജീവിതം മാറി മറിയുമായിരുന്നു എന്ന ചിന്തയോടെ തന്നെ....

അങ്ങനെ ഉള്ള കുറച്ചു ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും അടങ്ങുന്നതാണ് ഈ പുസ്തകം. പൗലോ കൊയെലോ എഴുതിയ Manuscript found in  Accra എന്ന പുസ്തകം.

ഒരു ലാഘവത്തോടെ കാണാൻ പറ്റുന്നതല്ല ചോദ്യങ്ങളും അതിനായി അയാൾ നൽകിയ ഉത്തരങ്ങളും.കാരണം ഇന്നും മനുഷ്യർ അത്തരം ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. ചിലരാണെങ്കിലോ  അത്തരം ചോദ്യങ്ങൾ ചോദിക്കാൻ ഇന്നും ഭയക്കുന്നുമുണ്ട്.


ഏകാന്തത എന്ന ചോദ്യത്തിൽ നിന്ന് തന്നെ തുടങ്ങാം...എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ .....


പുതിയ സ്ഥലം, പുതിയ ആളുകൾ ..തികച്ചും അപരിചിതമായ  അന്തരീക്ഷത്തിൽ വന്നു പെടുമ്പോഴുണ്ടാകുന്ന ഒരു തരം  ഏകാന്തത അതത്ര സുഖം ഉള്ളതല്ല..ഞാനും അത്തരത്തിൽ ഒരു അവസ്ഥയിൽ പെട്ട് കിടക്കുകയായിരുന്നു . അപ്പോഴാണ് യാദൃശ്ചികമായി ഈ പുസ്തകം എന്റെ കയ്യിൽ വന്നു പെടുന്നത്. 

ഇതിൽ ഏകാന്തന്തത എന്താണ് എന്നുള്ളത് ഈ പുസ്തകം വ്യക്തമായി പറഞ്ഞു വയ്ക്കുന്നുണ്ട്. 


Solitude is not the absence of company, but the moment when our soul is free to speak to us and help us decide what to do with our life


ഏകാന്തത എന്നാൽ കൂട്ടുകെട്ടുകളുടെ അഭാവം എന്നല്ല മറിച്ച് അത് നിങ്ങൾക്ക് നിങ്ങളുടെ ആത്മാവുമായി സംവദിക്കാനുള്ള അവസരം ആണെന്നും, അപ്പോൾ മാത്രമാണ് നിങ്ങൾക്ക്  നിങ്ങളെ അറിയാൻ സാധിക്കുന്നതും, എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ട് പോകണമെന്ന് മനസിലാകുന്നതും. 


മേല്പറഞ്ഞ സന്ദർഭം അനുസരിച്ചു നോക്കുകയാണെങ്കിൽ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും ഏകാന്തതതയ്‌ക്ക്‌ വഴി വയ്ക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.നമ്മളിൽ ചിലരെങ്കിലും അത്തരം മാറ്റങ്ങളെ ഭയപ്പെടുന്നുണ്ട്. അതിനും വളരെ കൃത്യമായ ഉത്തരം എഴുത്തുക്കാരൻ  ഇവിടെ നൽകുന്നുണ്ട്. 


നമ്മൾ പലരും വിചാരിക്കുന്നത് തലയെടുപ്പോടെ നിൽക്കുന്ന മലകൾക്കും, മരങ്ങൾക്കും, ചെടികൾക്കും ഒന്നും മാറ്റമില്ലല്ലോ...


അവർ ഇപ്പോഴും നിന്നിടത്തു തന്നെയല്ലേ നിൽക്കുന്നത്. അത് നമ്മുടെ തെറ്റായ ധാരണ മാത്രമാണ് എന്നാണ് എഴുത്തുകാരൻ പറയുന്നത്. അവയെല്ലാം മാറ്റങ്ങൾക്ക് വിധേയരാകുന്നുണ്ട്. വീശിയടിക്കുന്ന ഓരോ കാറ്റും പെയ്യുന്ന ഓരോ മഴയും ഓരോ ദിവസവും മലകൾക്കു മാറ്റം വരുത്തുന്നുണ്ട്. നമ്മൾ കാണുന്നില്ല എന്ന് മാത്രം .


ഇനി മരങ്ങളുടെ കാര്യം പറയുകയെണെങ്കിൽ അവ നിന്നിടത്തു നിന്ന് അനങ്ങുന്നില്ലെങ്കിലും പക്ഷികളും കാറ്റും അവയിലെ വിത്തുകളെ പലയിടങ്ങളിൽ ആയി വാരി വിതറുന്നുണ്ട്. കൂടാതെ ശൈത്യകാലത്ത് തങ്ങളുടെ ഇലകൾ പൊഴിയുമെന്നും വേനൽക്കാലത്തു തങ്ങൾ ഇലകളാൽ മൂടപ്പെടും  എന്നും അവർക്കറിയാം.

മാറ്റങ്ങൾ ജീവിതത്തിൽ  അനിവാര്യമാണ്. പ്രകൃതി തന്നെ അത് നമ്മോടു അതാവശ്യപ്പെടുന്നുണ്ട്.


ഇങ്ങനെ ഉള്ള ഒരുപാട് പ്രസക്തമായ ചോദ്യങ്ങളും അതിനുള്ള തക്കതായ ഉത്തരങ്ങളും എന്ന രീതിയിൽ ആണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.  


എനിക്ക് തോന്നുന്നു  പൗലോയുടെ പുസ്തകങ്ങളുടെ പ്രത്യേകത  അതിൽ പലതും ക്രിസ്ത്യൻ spirituality യിൽ അധിഷ്ടിതമാണ് എന്നുള്ളതാണ്. ക്രിസ്ത്യൻ spirituality എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ അനുഭവങ്ങളിലൂടെ ആർജ്ജിച്ചെടുത്തവയാണ്  അല്ലാതെ സഭ എന്ത് പറയുന്നു എന്നുള്ളതല്ല. അത് ദി alchemist ആകട്ടെ, ബ്രിഡയാകട്ടെ...അതിൽ ക്രിസ്ത്യൻ മൂല്യങ്ങളെ കാണാൻ സാധിക്കും. അതിൽ ഏറ്റവും പ്രധാനം പ്രത്യാശ, വിശ്വാസം, സ്നേഹം എന്നുള്ള മൂല്യങ്ങൾ തന്നെയാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്.


വളരെ ലളിതമായ ഭാഷയിൽ ആണ് എഴുതപ്പെട്ടിരിക്കുന്നതെങ്കിലും ആദ്യമായി പൗലോയെ വായിക്കുന്ന ഒരാൾക്ക് അത് പൂർണ്ണമായി ഉൾക്കൊള്ളാൻ സാധിക്കുമോ എന്ന് പറയാൻ ആകില്ലെങ്കിലും വായിച്ചിരിക്കേണ്ട ഒരു പുസ്തകം ആണ് എന്ന് തന്നെ ഞാൻ പറയും. റോണ്ട ബേൺ എഴുതിയ secret ഉം, പൗലോ കൊയെലോ യുടെ തന്നെ ദി Alchemist ഉം വായിച്ചിട്ടുള്ളവർക്ക് ഇത് മനസിലാക്കാൻ അത്ര ബുദ്ധിമുട്ട് കാണില്ല.

✍️ഷാലറ്റ് ജിമ്മി

Tuesday, July 28, 2020

മദ്രാസിലെ മോൻ - ജീവപര്യന്തം തടവിൽ നിന്ന് 3,000 മക്കളുടെ രക്ഷകനിലേക്ക്: വലിയൊരു മാനസാന്തരത്തിന്‍റെ കഥ


1987 ആഗസ്റ്റ്.

അന്ന് ആറ് വർഷത്തെ ജയിൽ വാസത്തിന് ശേഷം റെനി ജോർജ് പരോളിൽ ഇറങ്ങിയതായിരുന്നു. ജയില്‍ വാസമൊന്നും കാര്യമായ മാറ്റങ്ങൾ അപ്പോഴും റെനിയിൽ ഉണ്ടാക്കിയിരുന്നില്ല.

അങ്ങനെയിരിക്കെ, ഒരു ദിവസം തികച്ചും യാദൃച്ഛികമായാണ് അപരിചിതനായ ഒരാള്‍ റെനിയെ ഒരു പ്രാർത്ഥനാ കൂട്ടായ്മയിലേയ്ക്ക് ക്ഷണിക്കുന്നത്.
റെനിയെ ക്ഷണിച്ച ആളിനും ഉണ്ടായിരുന്നു, മറക്കാനാഗ്രഹിക്കുന്ന ഒരു പഴയകാലം. (ഒരു ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് റെനി ജയിലിലെത്തുന്നത്.)
അതറിഞ്ഞപ്പോള്‍ റെനിയ്ക്ക് ഒരു ജിജ്ഞാസ തോന്നി.
അതായിരുന്നു അന്ന് ആ പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുക്കാൻ അന്ന് ആ മുപ്പത്തിമൂന്നുകാരനെ പ്രേരിപ്പിച്ച പ്രധാന കാര്യം.

തികച്ചും ആകസ്മികമായിരിക്കാം…അയാൾ കൃത്യം നടത്തിയ ആ വീടിന് ഒരുപാട് അകലെ ആയിരുന്നില്ല, ആ പ്രാർത്ഥന കൂട്ടായ്മ.

അവിടെ വന്നവരിൽ മിക്കവരും സാധാരണക്കാരായ ഗ്രാമീണർ ആയിരുന്നു.

റെനിയുടെ മനസ്സ് തുടക്കത്തിൽ ആ കൂട്ടായ്മയിൽ നിന്നും അവിടെ കൂടിയവരിൽ നിന്നും തീർത്തും അകലെയായിരുന്നു. അപ്പോഴും അവിടെ ഉള്ളവരെല്ലാം റെനിക്ക് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു.

അത്രയൊന്നും താല്‍പര്യത്തോടെയല്ല അവിടെ നിന്നിരുന്നതെങ്കിലും എന്തോ അവിടെ നിന്ന് ഇറങ്ങിപ്പോരാൻ തോന്നിയില്ലെന്ന് റെനി ജോർജ്ജ് ഓർക്കുന്നു.

“അവിടെ വെച്ചാണ് എന്‍റെ ജീവിതം മാറി മറയാൻ തുടങ്ങിയത്.”
ജീവിതത്തിൽ ആദ്യമായി പൊട്ടിക്കരഞ്ഞത് അവിടെ വെച്ചായിരുന്നു എന്ന് റെനി ഓര്‍ക്കുന്നു. ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്ന ഓരോ അറിവില്ലായ്മകളും മുന്നിൽ തെളിഞ്ഞു വരുവാൻ തുടങ്ങിയ നിമിഷങ്ങൾ.

അതൊരു തുടക്കമായിരുന്നു. തിരിച്ചു ജയിലിലേയ്ക്ക് പോകുമ്പോൾ റെനി ഒരു പുതിയ മനുഷ്യനായി മാറിയിരുന്നു.

ജയിലിനുള്ളിലും പല കുറ്റകൃത്യങ്ങൾക്കും ചുക്കാൻ പിടിച്ചിരുന്ന റെനിയിലെ മാറ്റം സഹതടവുക്കാരെ അതിശയിപ്പിച്ചു. അധ്യാപകരും മിഷനറിമാരുമായ മാതാപിതാക്കളുടെ ജീവിത പാതയിലേയ്ക്കുമുള്ള ഒരു തിരിച്ചു പോക്കുമായി പിന്നീട് അത് മാറി. അങ്ങനെ പിന്നെയും എട്ടു വർഷങ്ങൾ കടന്നു പോയി.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ റെനി ജോർജ്ജ് പിന്നീട് സ്വന്തം ജീവിതം തടവുകാർക്കും അവരുടെ മക്കൾക്കുമായി ഉഴിഞ്ഞു വെയ്ക്കുകയായിരുന്നു. 22 വർഷം പിന്നിടുമ്പോൾ ഏകദേശം 5,000 കുട്ടികൾക്ക് റെനി ജോർജ്ജ് അധ്യാപകനും, അവരുടെ ‘ ഡാഡിയും’ ആയിത്തീർന്നു.

തടവുപുള്ളികൾ എന്ന ദുഷ്പേര് പേറി ജീവിതം ജീവിച്ചു തീർക്കേണ്ടി വരുമായിരുന്ന അനേകർക്കാണ് റെനി ഒരു താങ്ങും തണലുമായി നിന്ന് പുതിയ ജീവിതത്തിലേയ്ക്ക് കയറ്റി വിട്ടത്.

1981 -ൽ ലഭിച്ച ജീവപരന്ത്യം തടവിൽ നിന്നും മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ‘ സിറ്റിസൺ ഓഫ് ദി ഇയർ 1998 ‘ അവാർഡും, സിഎൻ എൻ -ഐബിഎൻ ഏർപ്പെടുത്തിയ റിയൽ ഹീറോസ് അവാർഡിലും എത്തി നിൽക്കുമ്പോൾ റെനിക്ക് പറയാനുള്ളത് മാനുഷിക പരിഗണനയുടെ കഥകളാണ്.

കേരളത്തിലെയും കർണാടകത്തിലെയും തടവുകാരുടെയും മക്കൾക്കായി 22 വർഷത്തോളം ‘ പ്രെഷ്യസ് ചിൽഡ്രൻസ് ഹോം’ എന്ന് പേരുള്ള ഒരു റെസിഡെൻഷ്യൽ കെയർ നടത്തി അദ്ദേഹം. ഇപ്പോൾ കുട്ടികൾക്കായുള്ള സ്കോളർഷിപ്പ് പ്രോജെക്ടിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

കഴിഞ്ഞ അഞ്ചു വർഷമായി 250-ഓളം തടവുകാരുടെ കുഞ്ഞുങ്ങൾക്ക് പഠിക്കുന്നതിനായുള്ള സ്കോളർഷിപ്പും പഠനസംബന്ധമായ ചെലവുകളും റെനി ജോർജ്ജ് നേതൃത്വം കൊടുക്കുന്ന പ്രൊജക്റ്റ് വഹിച്ചു വരുന്നു.

ജയിലിലെ സാഹചര്യങ്ങൾ ഒരിക്കലും ഒരു ‘ട്രാൻസ്ഫോർമേഷന്’ ഉതകുന്നതായിരുന്നില്ല എന്ന വിശ്വാസം

തന്നെയാണ് തടവുപുള്ളികളും അവരുടെ കുഞ്ഞുങ്ങൾക്കുമായുള്ള പദ്ധതികളുമായി മുന്നോട്ട് വരുന്നതിനുള്ള പ്രേരണയായതെന്ന് റെനി ജോർജ് ‘ദ് ബെറ്റർ ഇന്ത്യയോട്’ പറയുന്നു.വരുന്നതിനുള്ള പ്രേരണയായതെന്ന് റെനി ജോർജ് ‘ദ് ബെറ്റർ ഇന്ത്യയോട്’ പറയുന്നു.

“തടവുകാരുടെ കാര്യത്തിൽ ആർക്കും താല്പര്യമില്ല. അവരും കരുണയും ദയയും അർഹിക്കുന്നവരാണെന്നുള്ള ചിന്താഗതി മിക്കവർക്കും ഇല്ല. അവർക്ക് വേണ്ടി നമ്മൾ പലതും ചെയ്യുമ്പോഴും ആളുകൾ യാതൊരു വിധ ‘ അപ്പ്രീസിയേഷനും’ കൊടുക്കാത്ത ഒരു വിഭാഗമാണ് തടവുപുള്ളികൾ. കൂടാതെ, മിക്കവരുടെയും വിചാരം നമ്മളേതോ കാര്യസാധ്യത്തിന് വേണ്ടി ചെയ്യുന്നു എന്നാണ്. എന്നെ സംബന്ധിച്ച്, ഞാനീ വഴിയിൽ വരാൻ ഒറ്റ കാരണമേ ഉള്ളൂ– ഞാനും ഒരു തടവുപുള്ളിയായിരുന്നു.”

“ഞാനും അതേ സാഹചര്യത്തിൽ നിന്ന് വന്നതാണെങ്കിലും ഒരു പുതിയ മനുഷ്യനായി തീർന്നപ്പോൾ അവരോടുള്ള എന്‍റെ കടപ്പാടുകൾ ആണ് ഞാൻ ചെയ്ത് തീർത്തൊണ്ടിരിക്കുന്നത്. അതിനെനിക്ക് ലഭിക്കുന്ന ഓരോ അവസരങ്ങളും ഞാൻ ഉപയോഗിക്കുകയാണ്,” റെനി ജോർജ് പറയുന്നു.

കേരളത്തിലെയും കർണാടകത്തിലെയും ജയിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളെ പുനരധിവസിപ്പിക്കുന്ന ഒരു പ്രോജെക്ടിനും ഈ അറുപത്തിയേഴുകാരൻ നേതൃത്വം കൊടുക്കുന്നുണ്ട്.

ഒരു തടവുകാരന്‍റെ ഏറ്റവും വലിയ പ്രശ്നം അവന്‍റെ കുടുംബവും, മക്കളും ആണല്ലോ? ജയിലിൽ വെച്ചുണ്ടായ അനുഭവങ്ങളും ആണ് അവരുടെ പുനരധിവാസത്തിന്‍റെ ആവശ്യകത മനസിലാക്കി തന്നതെന്ന് റെനി ജോർജ് മനസ്സ് തുറക്കുന്നു.

“എനിക്ക് ധാരാളം ഫോൺ കോളുകൾ വരാറുണ്ട്… ജയിൽ കിടക്കുന്നവരുടെയും വിടുതൽ കിട്ടിയവരുടെയും, അവരുടെ കുടുംബാംഗങ്ങളുടെ എല്ലാം. അവർ ബന്ധപ്പെടുമ്പോൾ സ്വാഭാവികമായും അതൊരു കൂട്ടായ്മയായി മാറും. അവർക്ക് എന്നെ കൊണ്ട് കഴിയുന്ന സഹായങ്ങൾ ചെയ്തും. ഇതാണ് എന്‍റെ ജീവിതം എന്ന് പറയുന്നത്. എന്നിരുന്നാലും അതിനൊരു സിസ്റ്റം ഉണ്ട്.”

ജയിൽ മോചിതരായി വരുന്ന തടവുകാരെ പാർപ്പിച്ച് ആറ് മാസത്തോളം അവരെ നീരിക്ഷിക്കുകയും, പരിശീലനം കൊടുത്ത് ഒരു തൊഴിൽ കണ്ടെത്തി അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് കൊണ്ട് വരുന്നതാണ് ആദ്യത്തെ പടി.

ഇതിൽ ഇന്‍റെൻസീവ് ‘കൗൺസിലിങ്ങും ഉണ്ട്. മറ്റു സന്നദ്ധ സംഘടനകളുമായി സഹകരിച്ച് റെനിയുടെ നേതൃത്വത്തിലുള്ള പ്രിസൺ ഫെല്ലോഷിപ്പ് ബംഗളുരു പല ഇടങ്ങളിലായി ഇവർക്ക് ജോലി നേടാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും കൂടാതെ, ജയിലിനകത്തും കൗൺസിലിങ്ങും മറ്റുമായി പുനരധിവാസ പ്രവർത്തനങ്ങൾക്കും റെനി ജോർജ്ജ് നേതൃത്വം കൊടുക്കുന്നുണ്ട്.

ഇരുപത്തിരണ്ട് വർഷങ്ങളിലായി (1996 – 2018 ) അയ്യായിരത്തിൽ കൂടുതൽ കുട്ടികളെ അദ്ദേഹത്തിന്‍റെ കൊത്തന്നൂരിലുള്ള പ്രെഷ്യസ് ചിൽഡ്രൻസ് ഹോം സംരക്ഷിച്ചു പോന്നിട്ടുണ്ട്.

“ഈ കുട്ടികളുടെ ചുറ്റുപാടുകൾ എന്താണെന്ന് ഊഹിക്കാവുന്നതല്ലേ ഉളളൂ. ഒരു ‘ട്രാൻസ്ഫോർമേഷൻ ‘ സാധ്യമാകണമെങ്കിൽ അവർ അകപ്പെട്ടിരിക്കുന്ന ആ ‘വിഷ്യസ് സർക്കിൾ’ ബ്രേക്ക് ചെയ്യണം. സ്നേഹവും കരുതലും എന്താണെന്ന് അവർ മനസിലാക്കണം. അവരെ സ്നേഹിക്കാനും ആളുകൾ ഉണ്ടെന്ന് മനസ്സിലാക്കുമ്പോൾ തനിയെ ഒരു ആത്മവിശ്വാസം അവരിൽ ഉടലെടുക്കും. അത് ഈ സമൂഹത്തെ നേരിടുന്നതിനുള്ള കരുത്തും അവർക്ക് കൊടുക്കും.”

കഴിഞ്ഞ അഞ്ചു വർഷമായി ഈ കുട്ടികള്‍ക്ക് സ്കോളർഷിപ്പ് കൊടുത്ത് അവരെ പഠനത്തിൽ മുന്നോട്ട് കൊണ്ട് പോകുക എന്ന ഒറ്റ ലക്ഷ്യമാണ് ഇപ്പോൾ റെനി ജോർജിനെ മുന്നോട്ട് നയിക്കുന്നത്.

“മാസം തോറും നമ്മൾ ഓരോ കുഞ്ഞുങ്ങൾക്കും സ്കോളർഷിപ്പും പഠനം സംബന്ധിയായ മറ്റു സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്.”

ഈ പരിശ്രമങ്ങൾക്ക് പുറകിൽ പൂർണ്ണ പിന്തുണയോടെ അദ്ദേഹത്തിന്‍റെ ഭാര്യ ടീന റെനിയും മകൾ റീമയും ഉണ്ട്.

പരോൾ സമയത്താണ് ടീനയുടെ വിവാഹാലോചന റെനിയുടെ പിതാവ് തന്നെ മുൻകൈയെടുത്തു കൊണ്ടു വരുന്നത്. അങ്ങനെ അവർ 1992 -ൽ വിവാഹിതരാകുകയും ചെയ്തു. പ്രിസൺ ഫെല്ലോഷിപ്പ് ബെംഗളുരുവിന്‍റെ സെക്രട്ടറി ആണ് ഇന്ന് അവർ. ഒറ്റ മകൾ റീമ റെനി വിദ്യാർത്ഥിനിയാണ്.

റെനി ജോർജ്


*** റെനി ജോർജ്
1980 -ൽ ആണ് കേരളത്തെ പിടിച്ചു കുലുക്കിയ തിരുവല്ലയിലെ കരിക്കൻവില്ല കൊലപാതകം നടക്കുന്നത് . കഞ്ചാവിന്‍റെയും മദ്യത്തിന്‍റെയും ലഹരിയിൽ രണ്ടു വൃദ്ധ ദമ്പതികളെ നാല് ചെറുപ്പക്കാർ ചേർന്ന് ദാരുണമായി കൊലപ്പെടുത്തുന്നു. അവരുടെ വീട്ടിലെ സഹായിയായ ഗൗരിയിൽ നിന്നാണ് പോലീസ്ക്കാർക്ക് ‘മദ്രാസിലെ മോൻ’ എന്ന ആദ്യത്തെ തുമ്പ് കിട്ടുന്നത് കൃത്യം നടന്ന് കുറച്ചുദിവസങ്ങള്‍ക്ക് ശേഷമാണ്. അതിന്‍റെ ചുവടു പിടിച്ചു പോലീസ് സംഘം എത്തി നിന്നത് ചെന്നൈയില്‍ വിദ്യാര്‍ത്ഥിയായിരുന്ന റെനി ജോർജ്ജിലേക്കും സുഹൃത്തുക്കളിലേക്കും ആയിരുന്നു. ഈ കേസില്‍ 14 വര്‍ഷത്തിലേറെ ജയില്‍ ശിക്ഷ അനുഭവിച്ചു.

Tuesday, March 10, 2020

ഒരു ചെറിയ പള്ളിക്കഥ


വൈറ്റിലയിൽ നിന്നും പനമ്പിള്ളി നഗറിലുള്ള ഓഫീസിലേയ്ക്കുള്ള കൊച്ചു ബസ് യാത്രകൾക്കിടയിലാണ് ഞാൻ ആ പള്ളി ആദ്യമായി കാണുന്നത്. കാണുമ്പോഴൊക്കെ അങ്ങോട്ട് പോകണമെന്ന കലശലായ ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്ത് കൊണ്ടോ അങ്ങനെയുള്ളൊരു സന്ദർഭം ഒത്തു വന്നില്ല.

പ്രഥമദൃഷ്‌ട്യാ ഒരു വിശ്വാസിയല്ലായെന്നു തോന്നിക്കുമെങ്കിലും വിശ്വാസത്തിൻറെ ബലം ഒന്ന് കൊണ്ട് മാത്രം നിലനിന്നു പോകുന്ന ഒരു വ്യക്തി ആണ് ഞാൻ. വീട്ടുകാരിൽ നിന്നകന്ന്, ഏതു സ്ഥലത്തൊക്കെ ജോലിഎടുക്കാൻ പോയിട്ടുണ്ടോ, അവിടെയുള്ള എൻ്റെ താമസസൗകര്യത്തിനരികിൽ തന്നെ മനസ്സിണങ്ങിയ ഒരു പള്ളി കാണും.

ഒഴിവു ദിവസങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന ആ പള്ളിയുടെ ഒരു കോണിൽ ചെന്നിരിക്കും.കുറച്ചു നേരമിരുന്നു ഇങ്ങു പോരും. അത് തന്നെയായിരുന്നു പ്രാർത്ഥനയും.അവിടന്ന് പോരുമ്പോഴേക്കും മനസ്സിനൊരു തെളിമ കിട്ടിയിരിക്കും.

മേല്പറഞ്ഞ പള്ളി കുറചകത്തോട്ടു നീങ്ങിയാണ് നിലനിന്നിരുന്നത് . അതു കൊണ്ട് തന്നെ ആ പള്ളിയുടെ പേര് പോലും ഒന്ന് ശരിയായി നോക്കാൻ കഴിഞ്ഞിട്ടില്ല. ഒരുപക്ഷെ, തിരക്കേറിയ ബസ്‌യാത്ര തന്നെയാകും കാരണം.

എനിക്ക് ഒരു പള്ളി ഇഷ്ടപ്പെടുന്നതിനായി ചില ഘടകങ്ങൾ ഒക്കെ ഉണ്ടുട്ടോ. മനസിന് പിടിച്ചോ എന്ന് കയറുമ്പോൾ തന്നെ അറിയാം. കണ്ണുനീർ ഇങ്ങനെ ധാര ധാരയായി ഒഴുകാൻ തുടങ്ങും.

അങ്ങനെ കൊച്ചിയിൽ വന്നു ഏകദേശം പത്തു മാസം കടന്നു പോയി. യാത്രകൾക്കിടയിൽ മിക്ക ദിവസങ്ങളിലും ആ പള്ളി ഞാൻ കടന്നു പോകാറുണ്ടായിരുന്നു.

എന്നാൽ, ആഴമില്ല കയത്തിൽ വീണു കൈകാലിട്ടടിക്കുമ്പോഴല്ലേ ഈശ്വരസ്മരണ പൂർണമായും വരൂ. മനഃപൂർവ്വമല്ലായിരിക്കാം. മനസ്സിനുള്ളിലെ ഊരാക്കുടുക്കുകൾ സ്വയം അഴിക്കണമെന്ന വാശി. അത് എന്ത് കൊണ്ടും നല്ലതു തന്നെയാണ്. ഒരുപക്ഷെ അത് തന്നെയായിരിക്കാം ശരി.

പക്ഷെ , ദൗർഭാഗ്യവശാൽ ചിലപ്പോഴൊക്കെ അഴിക്കാൻ ശ്രമിച്ചു നമ്മൾ അത് കടുംകെട്ടാക്കി വെയ്ക്കും.പിന്നെ ആ കെട്ടഴിക്കണം. അത് തന്നെ കൊണ്ട് കൂടിയാൽ കൂട്ടില്ല എന്ന് വരുമ്പോൾ മനസൊന്നുരുകും.അത് ഉള്ളിൽ നിന്നുള്ള ഒരു വിളിയായി അങ്ങകലെ ചക്രവാള സീമയിൽ ചെന്ന് തട്ടും. ഉത്തരങ്ങൾ താനെ കൈ വരും. തീർത്തും എൻ്റെ അനുഭവമാണുട്ടോ പറഞ്ഞത്.

ഇങ്ങനെയുള്ള അവസ്ഥ ഇടയ്ക്കിടെ ഉണ്ടാകാം. പക്ഷെ ആ കുരുക്കഴിച്ചു, തെളിഞ്ഞ ജലാശയം കണക്കെ ഉള്ള ഒരു മനസുമായി പുറത്തു വരുമ്പോഴുണ്ടാകുന്ന ആ അനുഭവം ഉണ്ടല്ലോ...അത് വിവരണാതീതമാണ്.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഒരെഴുമണിയോടെ ഒരു സുഹൃത്തിനോടൊപ്പം എളംകുളത്തുള്ള ഒരു പള്ളി ലക്ഷ്യമാക്കി പോയി. മനസ് തെളിഞ്ഞ ജലാശയം അല്ലായിരുന്നു. ഇവിടെ വന്നതിനു ശേഷം ഒന്നോ രണ്ടോ തവണ അവിടെ പോയിട്ടുണ്ട്. പോകാനുദ്ദേശിച്ച പള്ളിയുടെയും പോകാനാഗ്രഹിച്ച പള്ളിയുടെയും നടുക്കാണ് അന്ന് ബസിറങ്ങിയത്.

പള്ളി ഇരുട്ടിൽ കാണുന്നില്ലെങ്കിലും, അതിനു മുൻപിലായി, റോഡിനോട് കുറച്ചു നീങ്ങി ഒരു ലൈറ്റ് കൊണ്ടലങ്കരിച്ച വലിയ കൊന്ത.

നമുക്കങ്ങോട്ടു പോയാലോ വിസ്മയ ...ഞാൻ കൂടെ വന്ന സുഹൃത്തിനോട് ചോദിച്ചു.

ദൂരം തോന്നിയത് കൊണ്ടാവാം, അവൾ പറഞ്ഞു " വേണ്ട ചേച്ചി, നമുക്കീ അടുത്തുള്ള പള്ളിയിൽ പോകാം.

അവിടെ ചെന്നപ്പോഴോ ഒന്ന് കാലും പോലും കുത്താനിടമില്ല. കുർബാന നടന്നു കൊണ്ടിരിക്കുന്നു.വളരെ വലിയ പള്ളിയാണെങ്കിലും സ്ഥലമില്ലാഞ്ഞിട്ടു ചിലരൊക്കെ പള്ളിക്കു പുറത്തു നിന്നാണ് കുർബാന കാണുന്നത്.

" വേണ്ട വിസ്മയ. ഇത്ര തിരക്കിനുള്ളിൽ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. വേറെ ഒരിക്കലാകാം. അങ്ങനെ ഞങ്ങളവിടെ നിന്ന് പൊന്നു.

അപ്പോഴേക്കും ഇരുട്ട് നന്നായി വീണു തുടങ്ങിയിട്ടുണ്ടായിരുന്നു. രാത്രിവിളക്കുകൾ തെളിഞ്ഞു കഴിഞ്ഞു.

" നമുക്ക് കുറച്ചു മുന്നോട്ടു നടന്നാലോ "

അങ്ങനെ ഞങ്ങൾ രണ്ടു പേരും കൂടി കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ഇടത്തോട്ട് ഒരു തിരിവ്.

" ഇവിടെ ഒരു പള്ളിയുണ്ട് ചേച്ചി, നമുക്കവിടെ പോയി നോക്കിയാലോ",

" ആയിക്കോട്ടെ "

നടന്നു കുറച്ചു ചെന്നപ്പോഴേക്കും ഒരു മാതാവിന്റെ രൂപം കണ്ടു . ഏഴുമണി കഴിഞ്ഞതിനാൽ പള്ളി അടച്ചിരിക്കുമോ എന്ന ശങ്കയോടെ ഞങ്ങൾ പള്ളിയങ്കണത്തിലേയ്ക്ക് പ്രവേശിച്ചു.

" നമുക്ക് ഭാഗ്യം ഉണ്ട് ചേച്ചി പള്ളിയടച്ചിട്ടില്ല"- അന്വേഷിച്ചു കണ്ടുപിടിച്ചതിൻറെ ഒരു സുഖമുണ്ടായിരുന്നു അതിനു.

അപ്പോഴേക്കും ഒരു ചേട്ടൻ ഞങ്ങളുടെ അടുത്തേയ്ക്കു നീട്ടി പിടിച്ച ഒരു പൊതിയുമായി വന്നു. നോക്കിയപ്പോൾ, കൊഴുക്കട്ടകൾ.

" ഒരു ചെറിയ പെരുന്നാളുണ്ടായിരുന്നു , അതിൻറെ നേർച്ചയാ "

വയറും മനസും ഒരുമിച്ചു നിറഞ്ഞ അനുഭവം.

ഒരു കൊച്ചു അനാർഭാടമായ പള്ളി, വളരെ ലളിതമായ അൾത്താര. പള്ളിയുടെ ഒരു വശത്തുള്ള മാതാവിൻറെ രൂപത്തിന് മുൻപായി വെളിച്ചെണ്ണ ഒഴിച്ച നിലവിളക്ക്. അതിൽനിന്ന് കുറച്ചെണ്ണ ഞാൻ നെറ്റിയിൽ തൊട്ടു. കണ്ണുനീർ ധാരയായി ഒഴുകി.

പിന്നീട് ഞങ്ങൾ പള്ളിയുടെ മുന്ഭാഗത്തേയ്ക്കു നടന്നു.

" അല്ല വിസ്മയ! ഇതേതാ ഭാഗം...തീരെ മനസിലാകുന്നില്ല."

" ചേച്ചി...ശരിക്കൊന്നു നോക്കിയേ. ചേച്ചി പോകണം, പോകണം എന്ന് പറഞ്ഞ പള്ളിയല്ലേ ഇത്."

അന്ന് രാത്രി ഞാൻ സുഖമായി ഉറങ്ങി.

പിന്നീട് രാവിലെയായപ്പോൾ ഞാൻ മനസിലാക്കി എൻ്റെ കടുംകെട്ടു അഴിഞ്ഞു പോയിരിക്കുന്നു എന്ന്.

അതങ്ങനെയാ.... മനസ്സിൽ ആഗ്രഹമുണ്ടെങ്കിലും അങ്ങോട്ട് ചെല്ലണമെങ്കിലും അവിടന്ന് വിളിക്കണം.

- ഷാലറ്റ്‌ ജിമ്മി

Friday, February 28, 2020

പെൺഭ്രൂണഹത്യ, ശൈശവ വിവാഹം, ബാലവേല ....ഇത്തരം ഗ്രാമങ്ങൾ ഇന്നും നിലനിൽക്കുന്നു. എൻ്റെ അനുഭവക്കുറിപ്പ്

സേലത്തെ കുപ്പന്നൂർ എന്ന ചെറിയൊരു ഗ്രാമം.



അവിടെ പെൺഭ്രൂണഹത്യ , ബാലവേല , ശൈശവ വിവാഹം, തൊട്ടുകൂടായ്മ എന്ന് വേണ്ട സകലമാന ദുരാചാരങ്ങളും ഇന്നും അതിൻറെ എല്ലാ ദൂഷ്യഫലങ്ങളോട് കൂടി നിലനിൽക്കുന്നു.

പുതിയതായി ചേർന്ന എൻജിഒ യിൽ അവരുടെ പ്രോജെക്ടസിനെ കുറിച്ചറിയുന്നതിനുള്ള സന്ദര്ശനത്തിന്റെ ഭാഗമായിട്ടായിരുന്നു ഞാനടങ്ങുന്ന ഒരു നാൽവർ സംഘം ആ ഗ്രാമത്തിൽ എത്തിയത്.

ഏകദേശം ഒരു അഞ്ചരയായി കാണും. ജോലിക്കു പോയവരൊക്കെ തിരികെ എത്തിത്തുടങ്ങിയിരുന്നു. പതുക്കെ ഞങ്ങൾ ഓരോരുത്തരെയുമായി പരിചയപ്പെടാൻ തുടങ്ങി.

കണിയമ്മാളുടെ കഥയിൽ നിന്ന് തന്നെ തുടങ്ങാം . അവൾക്കു വയസ്സ് 28. അതിനിടയിൽ പത്തു പ്രസവിച്ചു. സ്വമനസാലെ അല്ലെങ്കിലും, അതിൽ നാലെണ്ണം അലസിപ്പിച്ചു. പെൺകുഞ്ഞാകുമെന്നു ഒരു ജ്യോത്സ്യൻ ഗണിച്ചു പറഞ്ഞത്രെ.

ചോരയുടെ ഒരു കണിക പോലുമില്ലാത്തത്ര ശുഷ്കമായിരുന്നു അവളുടെ ദേഹം. ഒരിക്കൽ ഗർഭം അലസിപ്പിക്കാനുള്ള ഗുളിക വാങ്ങി കഴിച്ചു. എന്നിട്ടും, പിറ്റേദിവസം പ്രസവവേദനയോട് സമാനമായ വേദന കടിച്ചമർത്തി അവൾക്കു പാടത്തു പണിയെടുക്കാൻ പോകേണ്ടതായി വന്നു. ഇല്ലെങ്കിൽ അവളുടെ ആറു കുഞ്ഞുങ്ങൾ പട്ടിണിയിലാകും. ഭർത്താവിന് കിട്ടുന്ന കൂലി കൊണ്ട് മാത്രം ഒന്നുമാകുമായിരുന്നില്ല.

കുറച്ചു കഴിഞ്ഞപ്പോൾ കലശലായ മൂത്രശങ്ക. അവൾ എല്ലാവരുടെയും കൺവെട്ടത്തു നിന്ന് മാറി പാടത്തിൻറെ ഒരു കോണിൽ പോയി ഇരുന്നതും, അവളുടെ ഗർഭം അലസിപ്പോയതും ഒരുമിച്ചായിരുന്നു. അവൾക്കു ചിന്തിച്ചു നിൽക്കാൻ അധികം സമയമുണ്ടായിരുന്നില്ല.
തൻ്റെ ശരീരത്തിൽ നിന്ന് ഊർന്നിറങ്ങി പോയതിനെ അവൾ അവിടെ തന്നെ ഒരു കുഴിയിട്ടു മൂടി.

അവളെ പഴി ചാരാൻ വരട്ടെ.

ഒരു സമയത്തു, ആ ഗ്രാമത്തിൽ ഒരമ്മ പോലുമുണ്ടായിരുന്നില്ല ഈ കടുംകൈ ചെയ്യാത്തതായിട്ടു. ഏകദേശം 105 ലിംഗ നിർണ്ണയ കേന്ദ്രങ്ങൾ നിയമവിരുദ്ധമായി ആ ഗ്രാമത്തിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഗണിച്ചു പറയുന്ന കുറെ ജോതിഷന്മാരും.

താൻ ചെയ്തത് ക്രൂരതയാണോ അല്ലയോ എന്നുള്ള ചിന്ത അവൾക്കുണ്ടായിരുന്നോ എന്നറിയില്ല. പക്ഷെ ദിവസങ്ങളായി അവളുടെ വീട്ടിൽ അടുപ്പു പൂട്ടിയിട്ടില്ലെന്നു മാത്രം ഞങ്ങൾ അവിടെ ചെന്നപ്പോൾ മനസിലായി.

എന്നാൽ കുസുമത്തിനു താൻ ചെയ്തതിൻറെ വ്യാപ്തി മനസ്സിലായിരുന്നു. ചോദിച്ചപ്പോൾ ഉള്ളിൽ നിന്ന് വന്ന ഒരു നിലവിളി മാത്രമായിരുന്നു ഉത്തരം. ഇനി തൻ്റെ ഒരു കുഞ്ഞിനേയും ബലി കൊടുക്കില്ല എന്ന ദൃഢനിശ്ചയം ഉണ്ടായിരുന്നു പക്ഷെ ആ മുഖത്ത്. അവൾക്കു പ്രായം വെറും 20.

ഇതിനിടയിൽ മങ്കമ്മ ആരെന്നു പറഞ്ഞു കൊള്ളട്ടെ.

ജീവിതകാലം മുഴുവനും ആ ഗ്രാമത്തിലെ ഒരു ധനികന് വേണ്ടി, വെറും തുച്ഛ ശമ്പളത്തിന് കരാറുകാരനായി ജോലി ചെയ്തിരുന്ന ഒരു സാധു മനുഷ്യൻറെ മകൾ.

പതിനൊന്നു വയസ്സിൽ വധുവായ മങ്കമ്മ വൈകാതെ തന്നെ അമ്മയും ആയി. എന്നാൽ അവളും തൻ്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനെ അലസിപ്പിച്ചു കളഞ്ഞിട്ടുണ്ട്. എന്നാൽ അതിനുള്ള ഗുളിക വാങ്ങിക്കാനുള്ള നൂറു ഉറുപ്പിക തരപ്പെടാത്തതിനാൽ ഒരു വയറ്റാട്ടിയുടെ സഹായം തേടേണ്ടി വന്നു.

അതിനെക്കുറിച്ച് പറയാതിരിക്കുകയാവും ഭേദം.

ആർക്കാ പൂവ് ഉണ്ടാകുന്ന ചെടിയുടെ തണ്ടു വെട്ടി അതിൽ നിന്നിറ്റു വീഴുന്ന പാലോട് കൂടി സ്ത്രീയുടെ ഗുഹ്യ ഭാഗത്തിൽ കയറ്റിവയ്ക്കുന്നു. കുറച്ചു കഴിഞ്ഞോ, പിറ്റേ ദിവസമോ ആ തണ്ടോടു കൂടി ഭ്രൂണം പുറത്തു വരുന്നു. ഇത്തരത്തിലുള്ള ഗർഭമലസിപ്പിക്കൽ കാരണം സ്വന്തം ഗർഭപാത്രം വരെ നഷ്ടപ്പെട്ട ഒത്തിരി പേരുണ്ട്.

എന്നാൽ തനിക്കു വന്ന ഈ വിപത്തു ഒരു വിധിയാണെന്ന് കരുതി സമാധാനിക്കാൻ മങ്കമ്മ തയ്യാറായിരുന്നില്ല. അവൾ നഖശിഖാന്തം മേല്പറഞ്ഞ ദുരാചാരങ്ങൾക്കെതിരെ പൊരുതി. ആ പോരാട്ടം വര്ഷങ്ങള്ക്കു ശേഷം അവളെ ഒരു ചെറിയ എൻജിഒ രൂപീകരിക്കുന്നതിൽ കൊണ്ട് ചെന്നെത്തിച്ചു . അവരുടെ ശ്രമഫലമായി ഒരുപാട് സ്ത്രീകൾ തങ്ങളുടെ നിലനിൽപ്പിനു വേണ്ടി ഇന്ന് പൊരുതുകയാണ്.

മങ്കമ്മയാണ് ഞങ്ങൾക്ക് എല്ലാവരെയും പരിചയപ്പെടുത്തിതന്നിരുന്നത്.

ഒരുപാട് പേര് ആ സമയം ഞങ്ങളെ അനുഗമിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ എപ്പോഴാണ് മീന എന്ന ഒരു ചെറിയ പെൺകുട്ടി എൻ്റെ കൈ പിടിച്ചു നടക്കാൻ തുടങ്ങിയതെന്നെനിക്കറിയില്ല.

ഒരു പത്തു പതിനൊന്നു വയസ്സ് കാണും അവൾക്ക് . രണ്ടു വശത്തായി മുടി മെടഞ്ഞു ഒരു ചുവപ്പു റിബ്ബൺ കൊണ്ട് മടക്കി കെട്ടിയിട്ടുണ്ട്. ഒരു നിറം മങ്ങിയ ഷിമ്മിയാണ് വേഷം. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന മുഖമായിരുന്നു അവൾക്ക്. കൂടാതെ വിടർന്ന പുഞ്ചിരിയും.

അവൾ മുറുക്കി പിടിച്ചിരുന്ന എൻ്റെ കൈ വിയർത്തൊലിക്കുന്നുണ്ടായിരുന്നു . അത് കൊണ്ട്, ഞാൻ കൈ വിടുവിച്ചേക്കുമോ എന്ന് ഭയന്നിട്ടാകണം അവൾ ഇടയ്‌ക്കിടക്കെ അവളുടെ ഷിമ്മി കൊണ്ട് എൻ്റെ കയ്യിലെ വിയർപ്പു ഒപ്പി കൊണ്ടേ ഇരുന്നു.

വഴി നീളം അവൾ എന്നെ മാഡം എന്ന് മാത്രമാണ് വിളിച്ചോണ്ടിരുന്നത്.

ഞാൻ അത്രയ്ക്ക് പെട്ടെന്നൊന്നും അവളുടെ കൈ വിട്ടുകളയില്ല എന്ന് മനസിലായത് കൊണ്ടാവുമോ കുറച്ചു കഴിഞ്ഞപ്പോൾ അവൾ എന്നോട് പതിയെ ചോദിച്ചു

” നാൻ ഉങ്കളെ അക്കാന്നു കൂപ്പിടലാമ ,”

ഇത് കേട്ടതും ചെറുതായി എൻ്റെ കണ്ണിൽ നനവ് പടർന്നു.

“കൂപ്പിടലാമേ ,” എന്ന് പറഞ്ഞതും അവളുടെ വിടർന്ന കണ്ണുകളിൽ പത്തരമാറ്റിന്റെ തിളക്കം.

ആ ഗ്രാമത്തിലെ മിക്കവാറും ആളുകൾ നിത്യവൃത്തിക്കായി തോട്ടിവേലയാണ് ചെയ്തിരുന്നത് . എന്നാൽ ചിലര് സാമ്പത്തികമായി ഉയർന്ന വിഭാഗക്കാരുടെ കരാര് ജോലിക്കാരായി ( Bonded Labourers ) ജീവിച്ചു മരിക്കുന്നു. വെറും മുന്നൂറു രൂപ മാസശമ്പളമാണ് അവർക്കു ഇപ്പോൾ കൊടുക്കുന്നത്.

അപ്പോഴാണ് മങ്കമ്മ ഞങ്ങളെ വെറും 32 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയെ പരിചയപ്പെടുത്തി തരുന്നത്. അവൾ ഒരു അമ്മുമ്മയാണ്. പതിനാലു വയസ്സ് പ്രായമുള്ള അവരുടെ മകൾ ഒരമ്മയും.

” എല്ലാ ശരിയാകുമോ,” ആ ‘അമ്മ ഒരു നിസ്സഹായതയോടു കൂടി എന്നോട് ചോദിച്ചു.മനസ്സിൽ നിന്ന് ഒരു നെടുവീർപ്പ് ഉയർന്നു വന്നെങ്കിലും ഞാൻ പ്രതികരിച്ചത്, ” എല്ലാം ശരിയാകും” എന്നായിരുന്നു.

പല പത്രങ്ങളും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്നും മേല്പറഞ്ഞ സ്ഥിതിക്ക് മാറ്റമൊന്നുമില്ല.

തിരിച്ചു പോകാൻ നേരത്തു ഞാൻ മീനയുടെ കൈകൾ പതുക്കെ വിടുവിച്ചു. ആ കണ്ണിലെ തിളക്കം ഒന്ന് മങ്ങിയോ എന്ന് സംശയം . എങ്കിലും ആ വിടർന്ന പുഞ്ചിരി അങ്ങനെ തന്നെ ഉണ്ടായിരുന്നു.

ഭാവിയിൽ അവൾക്കു നേരിടേണ്ടി വരുന്ന ഒന്നിനെ കുറിച്ചും അന്ന് അവൾ ബോധവതിയായിരുന്നില്ല. ആ നിമിഷത്തിൽ ജീവിക്കുകയായിരുന്നു അവൾ.

നാളെ ഒരുപക്ഷെ അവളും ഒരു ബാലവധു ആകാം, ബാലവേല ചെയ്യേണ്ടി വന്നേക്കാം, ഇല്ലെങ്കിൽ ….ഇല്ല, ഇനി ഞാൻ കൂടുതലൊന്നും ആലോചിക്കുന്നില്ല. അങ്ങനെ ആവരുതേ എന്ന് ഉള്ളിൽ തട്ടി ആഗ്രഹിക്കുന്നു.

മീന …നീയെന്നും എൻ്റെ പ്രാർത്ഥനകളിൽ ഉണ്ടായിരിക്കും

(പേരുകളെല്ലാം മാറ്റി ഉപയോഗിച്ചിരിക്കുന്നു.)

– ഷാലറ്റ് ജിമ്മി

It has been published as news in below online portals


  1. ചെറുപ്രായത്തില്‍ ഗര്‍ഭപാത്രം വരെ നഷ്ടമായവരുണ്ട് ഈ ഗ്രാമത്തില്‍, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മാധ്യമ പ്രവര്‍ത്തക   ( ASIANET NEWS)
  2. 28 വയസിനുള്ളിൽ 10 തവണ പെണ്‍ ഭ്രൂണഹത്യ: ഞെട്ടിക്കുന്ന കണ്ടെത്തലുമായി കുറിപ്പ്… ( MANORAMA NEWS )
  3. തമിഴ്നാട്ടിലെ പെൺഭ്രൂണഹത്യ , ബാലവേല , ശൈശവ വിവാഹം, തൊട്ടുകൂടായ്മയെ കുറിച്ചുള്ള ഷാലെറ്റിന്‍റെ കുറിപ്പ് വൈറൽ ( KAUMUDI PLUS )
  4. ഗർഭം അലസിപ്പിക്കാൻ ഗുളികകളും പച്ചമരുന്നുകളും ;പെൺഭ്രൂണഹത്യയുടെ കറുത്തമുഖം ( MEDIA INK ONLINE )
  5. തന്റെ ശരീരത്തിൽ നിന്ന് ഊർന്നിറങ്ങി പോയതിനെ അവൾ അവിടെ തന്നെ ഒരു കുഴിയിട്ടു മൂടി; നെഞ്ചിടിപ്പോടെ അല്ലാതെ വായിക്കാനാവില്ല ഈ കുറിപ്പ് (MEDIAONETV.IN )
  6. പത്തുതവണ ഗർഭം ധരിച്ചു, പെൺകുഞ്ഞാകുമെന്ന് ജ്യോതിഷി പറഞ്ഞപ്പോൾ നാലുവട്ടം അലസിപ്പിച്ചു! അയൽനാട്ടിൽ സാമൂഹ്യപ്രവർത്തക നേരിൽ കണ്ട കാഴ്ചകൾ  ( IINDIANECTRESSONLINE)
  7. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലെ സ്ത്രീകളുടെ അവസ്ഥ തുറന്നു കാട്ടി സൂമൂഹ്യ പ്രവർത്തക   ( MANGALAM.COM)
  8. തമിഴ്‌നാട്ടിലെ പെൺഭ്രൂണഹത്യയെ കുറിച്ച് ഷാലറ്റിന്റെ കുറിപ്പ്  ( SAMAYAM MALAYALAM)
  9. പത്തു തവണ ഗർഭം ധരിച്ചു. പെൺകുഞ്ഞാകുമെന്നു ജ്യോതിഷി പറഞ്ഞപ്പോൾ നാലുവട്ടം അലസിപ്പിച്ചു. അയൽനാട്ടിൽ സാമൂഹ്യ പ്രവർത്തക നേരിൽ കണ്ട കാഴ്ചകൾ  ( VANITHA.IN)
  10. തമിഴ് നാട്ടിലെ പെണ്‍ഭ്രൂണഹത്യയും ശൈശവ വിവാഹവും : മാധ്യമ പ്രവര്‍ത്തകയുടെ ഹൃദയ സ്പര്‍ശിയായ വാക്കുകള്‍ ഇങ്ങനെ ( DAILY HUNT)
  11. തമിഴ്‌നാട്ടിലെ പെൺഭ്രൂണഹത്യയെയും, ശൈശവ വിവാഹത്തെയും കുറിച്ചുള്ള മാധ്യമ പ്രവർത്തകയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറൽ ..

Thursday, February 27, 2020

കൊന്തമണികളുടെ ചരിത്രം പറയുന്ന കൂനമ്മാവ്


Published in Metrovartha Life

കൂനമ്മാവ് : ഏകദേശം 60 വർഷങ്ങൾക്കു മുൻപാണ് സാറാമ്മ ആദ്യമായി കൊന്ത കെട്ടാൻ തുടങ്ങുന്നത്. അന്ന് അവർക്കു 11 വയസ്സ്.

"എല്ലു നുറുങ്ങെ പണിയെടുത്താലും പട്ടിണിയും പരാവശ്യവും ഒടുങ്ങാത്ത സമയം," ആ കാലത്തെ കുറിച്ച് സാറാമ്മ വാചാലയായി. " 'അമ്മയും,ഞാനും എൻ്റെ മൂന്നു ചേച്ചിമാരും പകലന്തിയോളം കൊന്ത കെട്ടിയിട്ടാണ് ഞങ്ങളുടെ കുടുംബം പുലർന്നു പോന്നിരുന്നത്.ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ നിന്ന് കിട്ടിയിരുന്ന വരുമാനത്തിലാണ് ഞങ്ങളുടെ വയറുകൾ നിറഞ്ഞിരുന്നത്.

ഇന്ന് സാറാമ്മ തൻ്റെ എഴുപതുകളിലേയ്ക്ക് കാലൂന്നിയിരിക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ ( കൊന്ത മാസം
) കൊന്ത കെട്ടുന്നതിൽ 25 വർഷം പൂർത്തിയാക്കിയവരെ കൂനമ്മാവിലെ വിശുദ്ധ ചാവറ കുര്യാക്കോസ് സേവനം അനുഷ്ടിച്ച പള്ളിയായ സെൻറ് ഫിലോമിനസിൽ വെച്ച് വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ജോസഫ് കളത്തിപ്പറമ്പിലിൻറെ നേതൃത്വത്തിൽ ആദരിക്കുകയുണ്ടായി. അതിൽ സാറാമ്മയും ഉണ്ടായിരുന്നു.

" സന്തോഷത്തിൻറെ നിമിഷങ്ങൾ തന്നെയായിരുന്നു അത്. പണവും പ്രതാപവും ഒന്നും ഇല്ലായിരിക്കാം. പക്ഷെ ഒരുപാട് അനുഗ്രഹങ്ങൾ കൊന്ത കെട്ടൽ വഴി ഉണ്ടായിട്ടുണ്ട് ട്ടോ ," സാറാമ്മ അധികം വലുപ്പമില്ലാത്ത തൻ്റെ ഓട് മേഞ്ഞ വീട്ടിൽ ഇരുന്നു കൊണ്ട് പറഞ്ഞു. ചുവരിൽ അങ്ങിങ്ങായി സാറാമ്മ തന്നെ കെട്ടിയെടുത്ത വിവിധ വർണ്ണങ്ങളിലുള്ള കൊന്തകൾ തൂക്കിയിട്ടിരിക്കുന്നു.

ഒരു നടയിലകവും രണ്ടു ചെറിയ മുറികളുമുള്ള വീട്. സാറാമ്മയെ കാണാനായി വീട്ടിലേയ്ക്കു കയറിയപ്പോൾ ഒരു പഴകി ദ്രവിച്ച കസേരയിൽ ഇരുന്ന് അവർ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു. കൊന്ത കെട്ടലിനെ കുറിച്ചെഴുതാനാണ് എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ സ്വീകരിച്ചിരുത്തി.

"കൊന്ത ഗ്രാമം " എന്ന പേരിൽ പ്രസിദ്ധമായ കൂനമ്മാവിൻറെ ചരിത്രം പറയുകയാണെങ്കിൽ ഏകദേശം 175 വർഷത്തെ കൊന്ത കെട്ടൽ പാരമ്പര്യം ഈ ഗ്രാമത്തിനാവകാശപ്പെടാനുണ്ട്.

കൂടാതെ സ്ത്രീശാക്തീകരണത്തിനുതകുന്നതിനുള്ള കാതലായ സംഭാവനയും അന്ന് അത് മുന്നോട്ടു വെച്ചു.

അന്നുണ്ടായിരുന്ന പല അനുയോജ്യ ഘടകങ്ങളും സ്ത്രീകളെ ഈ വ്യവസായത്തിലേയ്ക്കാകര്ഷിച്ചുവെന്നു സെൻറ് ഫിലോമിനാസ് മുൻ പള്ളി അസിസ്റ്റന്റ് വികാരി ഫാദർ വര്ഗീസ് എടത്തിൽ പറഞ്ഞു. " അന്ന് സ്ത്രീകളെ ജോലിക്കു വിടുന്ന പതിവൊന്നുമില്ലായിരുന്നല്ലോ.കൊന്ത കെട്ടൽ ആണെങ്കിൽ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ചെയ്യാം. അവർക്കു വീട്ടിലെ ജോലിയും യാതൊരു ബുദ്ധിമുട്ടും കൂടാതെ നിർവഹിക്കുകയും ചെയ്യാം. ഇത്ര സമയം ജോലി ചെയ്യണമെന്ന യാതൊരു വ്യവസ്ഥയും ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ പുരുഷന്മാരും അവരെ പ്രോത്സാഹിപ്പിച്ചിരുന്നു.കൂടാതെ, ഇങ്ങനെ കെട്ടിയെടുക്കുന്ന കൊന്തകളുടെ വില്പന പുരുഷന്മാർ ഏറ്റെടുത്തിരുന്നു."

വര്ഷങ്ങള്ക്കു മുൻപ് കടൽ കടന്നെത്തിയ മിഷനറിമാരാണ് ഈ വ്യവസായത്തിന് നാന്ദി കുറിച്ചത് എന്ന് പറയുന്നതിൽ തെറ്റില്ല, വിശപ്പകറ്റി വിശ്വാസം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അവർ അതിനു തുടക്കമിട്ടത്.

വി.ചാവറ കുര്യാക്കോസ് ഇവിടെ സേവനമനുഷ്ഠിച്ചതു കൂടാതെ ഭാരതത്തിലെ ആദ്യ ക്രൈസ്തവ സന്യാസിനി സമൂഹത്തിനു രൂപം കൊടുത്ത ദൈവദാസി മദർ ഏലീശ്വായുടെ നേത്രത്വത്തിലാണ് സ്ത്രീകൾ ആദ്യമായി കൂനമ്മാവിൽ കൊന്ത കെട്ടൽ അഭ്യസിക്കാൻ തുടങ്ങിയതെന്ന് ഫിലോമിനാസ് പള്ളി വികാരി ഫാദർ ഫ്രാൻസിസ് ഡിക്സൺ ഫെർണാണ്ടസ് പറഞ്ഞു.

" ഇത് ഒരുപാട് സ്ത്രീകൾക്ക് ഒരു തൊഴിൽ നൽകുക മാത്രമല്ല മറിച്ചു സ്ത്രീശാക്തീകരണത്തിനുതകുന്നതുമായ ഒരു വലിയ പങ്കു വഹിക്കുകയും ചെയ്തു. ദാരിദ്ര്യം അലട്ടിയിരുന്ന മിക്ക വീടുകളിലെയും സ്ത്രീകളെ ഈ വ്യവസായത്തിലൂടെ മുന്നോട്ടു കൊണ്ട് വന്നു അവർക്കു ഒരു ജീവിത മാർഗം കൊടുക്കുകയായിരുന്നു മദർ ഏലീശ്വാ ചെയ്തതെന്നു ഫാദർ ഡിക്സൺ അഭിപ്രായപ്പെട്ടു.

ആ കാലങ്ങളിൽ ഇറ്റലിയിൽ നിന്നും മറ്റു വിദേശരാജ്യങ്ങളിൽ നിന്നുമായിരുന്നു കൊന്തകൾ ഇവിടേയ്ക്ക് വന്നു കൊണ്ടിരുന്നത്. എന്നാൽ അത്തരം കൊന്തകളുടെ ആവശ്യങ്ങൾ വർധിക്കുകയും കൊണ്ട് വന്നിരുന്ന കൊന്തകളുടെ ശേഖരം കുറയുകയും ചെയ്തതോടെ ഇവിടെ തന്നെ അതുല്പാദിക്കാൻ തീരുമാനിക്കുകയായിരുന്നു, അദ്ദേഹം തുടർന്നു.

തുടർന്ന് വീടുകൾ തോറും കയറി ഇറങ്ങി സ്ത്രീകളെ ഇതിലേയ്ക്ക് ക്ഷണിക്കുകയും അവർക്കു മഠത്തിൽ കൊന്ത കെട്ടൽ അഭ്യസിപ്പിക്കാൻ വഴി ഒരുക്കി കൊടുക്കുകയും ചെയ്തു. ജാതി മത ഭേദമില്ലാതെ കൊന്ത കെട്ടൽ പഠിക്കാൻ അന്ന് സ്ത്രീകൾ മുന്നോട്ടു വന്നിരുന്നു. അങ്ങനെ കൊന്ത കെട്ടൽ വ്യാപകമായതോടെ ഇവിടെ നിർമിക്കുന്ന കൊന്തകൾ, കാശുരൂപങ്ങൾ തുടങ്ങിയവ വിദേശത്തേയ്ക്കും കയറ്റി അയക്കപ്പെടുവാൻ തുടങ്ങി. അങ്ങനെ അതൊരു വൻ വ്യവസായമായി വളർന്നു.

ഇന്നും ഏകദേശം മൂന്നൂറോളം പേർ ഈ ഭാഗത്തു കൊന്ത കെട്ടൽ വ്യവസായത്തിൽ വ്യാപൃതരാണ്.

അന്ന് പതിനൊന്നു പേർ ആയിരുന്നു ഞങ്ങൾക്ക് പണികൾ തന്നിരുന്നത്. പറക്കാട് ഔസേപ്പച്ചൻ ചേട്ടൻ,കോച്ചാവുസേപ്പുണ്ണി ചേട്ടൻ....ചില പേരുകൾ സാറാമ്മ തുടരുന്നതിനിടയിൽ ഞൊടിയിടയിൽ ഓർമ്മിച്ചെടുത്തു.

" ഒരാളിൽ ആശ്രയിച്ചു മാത്രം കൊന്തകൾ കെട്ടുക എന്നുള്ളത് അന്ന് അല്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.കാരണം ഒരാൾക്ക് തന്നെ ഇടവിടാതെ ഞങ്ങൾക്ക് പണി തരാൻ കഴിയണമെന്നില്ല."

അങ്ങനെ പോയിരുന്ന സാറാമ്മയുടെ ജീവിതത്തിൽ ഒരു മാറ്റം സംഭവിച്ചത് അവരുടെ വിവാഹത്തോടെയായിരുന്നു. എന്നാൽ മൂന്നു മക്കൾ ആയതിനു ശേഷം ഒരു നാൾ ഭർത്താവു ഉപേക്ഷിച്ചു പോയപ്പോഴും അവർക്കു ഏക സഹായം ഈ കൊന്ത കെട്ടൽ തന്നെയായിരുന്നു.

"ഞാൻ പിന്നെയും എൻ്റെ അമ്മയുടെയും ചേച്ചിമാരുടെയും കൂടെ കൂടി കൊന്ത കെട്ടി തുടങ്ങി,"

ഇപ്പോൾ കൊന്ത കെട്ടുന്നത് നിറുത്തിയോ എന്ന് ചോദിച്ചപ്പോൾ സാറാമ്മ പറഞ്ഞു " നിറുത്തിയിട്ടൊന്നുമില്ല..കണ്ണിനു ഒരോപ്പറേഷൻ വേണ്ടി വന്നു. അപ്പോൾ കുറച്ചു ദിവസം നിറുത്തി വെച്ചെന്നു മാത്രം.

സാറാമ്മയുടെ കുടുംബം പോലെ ഒട്ടനവധി കുടുംബങ്ങളുടെ വരുമാനമാർഗമായി കൊന്ത കെട്ടൽ തുടർന്നു കൊണ്ടിരിക്കുന്നു. വരുമാന മാർഗമില്ലാതെ സ്വന്തം താല്പര്യത്തിൻറെ പേരിലും കൊന്ത കെട്ടുന്നവർ കൂനമ്മാവിൽ കുറവല്ല.

by ഷാലറ്റ് ജിമ്മി


Wednesday, February 26, 2020

ഇവിടെ നീതി .നടപ്പാക്കപ്പെടണം, ഇഛാശക്തിയുള്ളവർ വേണം

Published here as ഇവിടെ നീതി .നടപ്പാക്കപ്പെടണം, ഇഛാശക്തിയുള്ളവർ വേണം

മെയ് 2017 ഗുര്‍ഗാവില്‍ ഒരമ്മ, രോഗാവസ്ഥയിലായ വെറും ഒമ്പതു മാസം പ്രായമായ തന്റെ കുഞ്ഞിനേയും എടുത്തു കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ ആണ് കൂട്ടബലാത്സംഗത്തിനിരയായത്.

തന്റെ കൈയ്യില്‍ നിന്നും റോഡിലേക്ക് വലിച്ചെറിയപ്പെട്ട കുഞ്ഞു മരിച്ചു എന്ന് വിശ്വസിക്കാതെ മെട്രോ കയറി അവര്‍ ആശുപത്രിയില്‍ എത്തിയെങ്കിലും തന്റെ കുഞ്ഞിനെ ജീവനോടെ കിട്ടാനുള്ള ആ അമ്മയുടെ എല്ലാ പ്രയത്‌നവും വെറുതെ ആവുകയായിരുന്നു.

ആ വര്‍ഷം തന്നെ പട്ടാപ്പകല്‍, വിശാഖപട്ടണത്തു ഒരു സ്ത്രീ ബലാത്സംഗത്തിനിരയായപ്പോള്‍ അവരെ രക്ഷിക്കാന്‍ പോലും മുതിരാതെ ആ ക്രൂരകൃത്യം മുഴുവന്‍ ഒരു ഓട്ടോഡ്രൈവര്‍ തന്റെ മോബൈല്‍ ക്യാമറയില്‍ പകര്‍ത്തികൊണ്ടിരുന്നു. വഴിപോക്കര്‍ തങ്ങള്‍ക്കു മുന്നില്‍ ഒന്നും നടക്കുന്നില്ല എന്ന ലാഘവത്തോടെ സ്വന്തം കാര്യങ്ങളില്‍ മുഴുകി കടന്നു പോയി.

ഡല്‍ഹിയില്‍ 2018 ജനുവരിയിലാണ് എട്ടു മാസം പ്രായമായ ഒരു കുഞ്ഞിനെ ഒരു ഇരുപത്തെട്ടു വയസുകാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്.

കത്തുവാ സംഭവത്തിന് ശേഷം സൂറത്തില്‍ ഒരു പെണ്‍കുഞ്ഞു നിഷ്ഠൂരമായി ബലാല്‍സംഗത്തിനിരയായി. 86 മുറിപ്പാടുകള്‍ ആണ് അവളുടെ കുഞ്ഞു ദേഹത്ത് കണ്ടത്.

വാളയാര്‍ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് നോക്കുമ്പോള്‍ മേല്‍പറഞ്ഞവ നമ്മുടെ രാജ്യത്തു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി അരങ്ങേറിയ അതിക്രൂരമായ അക്രമങ്ങളില്‍ ചിലതു മാത്രം. ഈ രാജ്യത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഈ വിപത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ ഈ സംഭവങ്ങള്‍ തന്നെ ധാരാളം.

ഗോവിന്ദച്ചാമിയെ ഇത്തരുണത്തില്‍ മറക്കുന്നത് ശരിയല്ലല്ലോ.

ഇനി കേരളത്തിലേയ്ക്കു വരാം.

കേരള പൊലീസിന്റെ കണക്കനുസരിച്ചു സ്ത്രീകള്‍ക്കെതിരെയുള്ള പീഡന ( Molestation ) കേസുകളുടെ എണ്ണമെടുക്കുകയാണെങ്കില്‍ 2017 ല്‍ 4413 ല്‍ നിന്ന് 2018 ആകുമ്പോഴേക്കും 4589 ആയിരിക്കുന്നു. കൂടാതെ, അത് പ്രൊവിഷണല്‍ കണക്കുകള്‍ ആണ്. അതായതു എണ്ണം ഇനിയും കൂടാമെന്നു സാരം 2019 ല്‍ ജൂണ്‍ വരെ മാത്രം 2250 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇനി ബലാത്സംഗ കേസുകളുടെ പട്ടികയെടുക്കുകയാണെങ്കില്‍ 2017 ല്‍ 2013 ഉം 2018 ല്‍ അത് 2015 ( പ്രൊവിഷണല്‍) ആകുകയും ചെയ്തു. 2019 ജൂണ്‍ വരെ മാത്രം 1041 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് .

പൊലീസിന്റെ തന്നെ കണക്കനുസരിച്ചു 2017 ല്‍ കുട്ടികള്‍ക്കെതിരായി 1045 ബലാത്സംഗ കേസുകള്‍ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.അതു 2018 ആകുമ്പോഴേക്കും 1204 ( പ്രൊവിഷണല്‍ & E & OE ) ആയിരിക്കുന്നു.

E & OE എന്നു വെച്ചാല്‍ – Errors and Omissions excepted

2019 ജൂണ്‍ വരെ മാത്രം 634 ബലാത്സംഗ കേസുകള്‍ ആണ് പോലീസ് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത് .

മിക്ക പോക്‌സോ കേസുകളും തീരുമാനമാകാതെ കെട്ടി കിടക്കുന്നു.

ഡല്‍ഹിയില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട നിര്‍ഭയയുടെ ഘാതകരെ സുപ്രീം കോടതി തൂക്കി കൊല്ലാന്‍ വിധിച്ചിട്ടും ഇത് വരെ വധശിക്ഷ നടപ്പിലാക്കിയിട്ടില്ല.

എന്നാല്‍ ഡിസംബര്‍ 13, 2018 ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് അനുസരിച്ചു നിര്‍ഭയയുടെ ഘാതകരുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണം എന്ന ഒരു പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളുകയാണ് ചെയ്തത്.

അതിവേഗ കോടതി 2013 നാണു നിര്‍ഭയയുടെ അപരാധികള്‍ക്കു തൂക്കു കയര്‍ വിധിച്ചത്. പ്രതികളുടെ റിവ്യൂ പെറ്റീഷന്‍ തള്ളിയെങ്കിലും മുകേഷ്, വിനയ്, അക്ഷയ്, പവന്‍ എന്നീ കുറ്റവാളികളുടെ മുന്നില്‍ നിയമത്തിന്റേതായി രണ്ടു വഴികള്‍ കൂടി നില്‍പ്പുണ്ട്. രാഷ്ട്രപതിയുടെ ദയാഹര്‍ജിക്കു അപേക്ഷിക്കുക കൂടാതെ നീതി ശരിയായ രീതിയില്‍ നടപ്പാക്കിയിട്ടില്ല, (അതില്‍ നൂലാമാലകള്‍ ഏറെയുണ്ടെങ്കിലും) എന്ന് കാണിച്ചു ഒരു ക്യൂറേറ്റീവ് പെറ്റീഷന്‍ നല്‍കുക.

രാഷ്ട്രപതിക്ക് മുന്നില്‍ വരുന്ന ദയാഹര്‍ജികളുടെ മേല്‍ തീരുമാനമെടുക്കുന്നതിനായി ഒരു കൃത്യ സമയ പരിധിയൊന്നുമില്ല. എന്നാല്‍ 2014 ലെ സുപ്രീം കോടതി വിധിയനുസരിച്ചു ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകുകയാണെങ്കില്‍ ഒരുപക്ഷെ വധശിക്ഷ ജീവപര്യന്തം ആയി തീരാനുള്ള സാധ്യത കുറവല്ല. (കടപ്പാട് : ഇന്ത്യ ടുഡേ )

ഡിസംബര്‍ 2012 നാണു നിര്‍ഭയ കൊല്ലപ്പെടുന്നത്. ഇപ്പോള്‍ വര്‍ഷം 2019.

നിയമം അതിന്റെ വഴിക്കു മാത്രമേ പോകൂ എന്ന് പറയാമെങ്കിലും സംസ്ഥാനത്തും രാജ്യത്തും ക്രമാതീതമായി വളര്‍ന്നു കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി നടക്കുന്ന ഇത്തരം ഭവിഷ്യത്തുക്കളെ മറ്റേതെങ്കിലും വിധത്തില്‍ നേരിടാനുള്ള പ്രതിവിധി ഇത് വരെ നമുക്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നുള്ളത് ഒരു വലിയ ചോദ്യമാണ്.

എവിടെയാണ് നമുക്ക് തെറ്റ് പറ്റുന്നത്. എവിടെയോ പറ്റുന്നുണ്ട് എന്ന് തീര്‍ച്ച. തെറ്റ് തിരുത്താനുള്ള ഇച്ഛാശക്തി നമ്മള്‍ കാണിക്കുന്നുണ്ടോ ? അതില്ലാത്തോളം കാലം ദൈവത്തിന്റെ നീതി നടപ്പാക്കപ്പെടുമെന്നു കരുതുന്നത് മൂഢത്വമല്ലേ ?

നാം പലപ്പോഴും വിസ്മരിക്കുന്ന ഒരു കാര്യം ദൈവത്തിന്റെ നീതി പലപ്പോഴും നടപ്പാക്കപ്പെടുന്നത് ഇച്ഛാശക്തിയുള്ള മനുഷ്യരില്‍ കൂടി ആണെന്നാണ്. അത് ഒരു വ്യക്തിയായിരിക്കാം അല്ലെങ്കില്‍ അത്തരത്തിലുള്ള വ്യക്തികളടങ്ങിയ ഒരു കൂട്ടായ്മയോ ഒരു സിസ്റ്റമോ എടുക്കുന്ന നടപടികള്‍ ആയിരിക്കാം. അങ്ങനെ ഒരു നീതി നടപ്പാക്കാന്‍ വൈകുന്നുവെങ്കില്‍ അതിനര്‍ത്ഥം അത്തരം ഇച്ഛാശക്തിയുമുള്ളവര്‍ നമ്മുടെ നാട്ടില്‍ കുറവാണെന്നു തന്നെയാണ്.

”The government you elect is the government you deserve.’എന്ന തോമസ് ജെഫേഴ്സന്റെ വാക്കുകള്‍ കൂടെ കൂടെ ഓര്‍ക്കുന്നത് നല്ലതാണ്.

- ഷാലറ്റ് ജിമ്മി

രാത്രിയുടെ യാമങ്ങളിൽ .....

  രാത്രിയുടെ യാമങ്ങളിൽ കറുത്തിരുണ്ട ആകാശത്തിനു  താഴെ, കണ്ണ് ചിമ്മി നിൽക്കുന്ന മണ്ണെണ്ണ വിളക്കിനു മുന്നിലിരുന്ന്‌ ഭാവിയുടെ നേർരേഖകൾ വായിച്ചു ...