എറണാകുളം ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ രോഗികളെ ശുശ്രൂഷിക്കുന്ന പീറ്റർ ചേട്ടൻ പറഞ്ഞിട്ടാണ് അന്ന് ഞാൻ അവിടെ എത്തിയത്. എന്നത്തേതും പോലെ ഒരു സ്റ്റോറി എഴുതുകയായിരുന്നു ലക്‌ഷ്യം.
ഞാൻ അവിടെ ചെല്ലാമെന്നു സമ്മതിച്ചെങ്കിലും എന്തെഴുതണം എന്ന് ഒരു പിടിയും ഇല്ലായിരുന്നു.
” കുഞ്ഞൊന്നു ഇങ്ങോട്ടു വരൂ. എനിക്കുറപ്പാണ് ഒന്നല്ല പല ജീവിതങ്ങളെ കുറിച്ച് എഴുതാൻ ഉണ്ടാകും.” എന്ന് പീറ്ററുചേട്ടൻ പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാൻ നിന്നില്ല.
ഐസൊലേഷൻ വാർഡിൻറെ മുറ്റത്തെത്തിയതും ഒരു പത്തെഴുപതു വയസ്സു തോന്നിക്കുന്ന ഒരു വൃദ്ധൻ എനിക്ക് നേരെ കൈ നീട്ടി ക്കൊണ്ടു ചോദിച്ചു .” മോളെ, ഒരു ഇരുപതു രൂപ തരാമോ ? വീട്ടിലേക്കു പോകാനാ.”
അന്ന് പഴ്സിൽ ഉണ്ടായിരുന്നതോ വെറും അമ്പതു രൂപ . കൂടുതൽ ചിലവാക്കുമോ എന്ന് ഭയന്ന് അന്നൊക്കെ പഴ്സിൽ നൂറു രൂപയിൽ അധികം ഞാൻ വെയ്ക്കാറില്ലായിരുന്നു. വെച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയ നിമിഷം…. .കയ്യിൽ ഉണ്ടായിരുന്നത് അദ്ദേഹത്തിന് കൊടുത്തു ഞാൻ വാർഡിലേക്ക് ചെന്നു .
കഥ തുടരുന്നതിനു മുൻപ് പീറ്ററുചേട്ടനെ കുറിച്ച് ഒരു രണ്ടു വാക്ക് പറഞ്ഞോട്ടെ .
ഏകദേശം പന്ത്രണ്ടു വർഷങ്ങൾക്കു മുൻപാണ് അദ്ദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തുന്നത്. അന്ന് ഒരു ശുശ്രൂഷകനായിട്ടല്ല മറിച്ചു രോഗിയായിട്ടായിരുന്നു എന്ന് മാത്രം. ഒരപകടമാണ് അദ്ദേഹത്തെ അവിടെ എത്തിച്ചത്.
ചികിത്സാക്കിടയിൽ അദ്ദേഹം മനസിലാക്കി അവിടെയുള്ള സാമ്പത്തിക ശേഷി കുറവുള്ള രോഗികളുടെ ഏക ആശ്രയം ആശുപത്രിയിൽ നിന്ന്
സൗജന്യമായി കിട്ടിയിരുന്ന ഭക്ഷണമായിരുന്നു എന്ന്. എന്നാൽ ആ സൗജന്യം ആഴ്ച്ചയിൽ മൂന്ന് ദിവസം മാത്രമേ ലഭിച്ചിരുന്നുള്ളൂ .
പിന്നീടുള്ള നാലു ദിവസങ്ങൾ ചിലർ വളരെ ക്ലേശിച്ചു തള്ളി നീക്കുമ്പോൾ മറ്റു ചിലർ ഭക്ഷണമില്ലാതെയുമിരുന്നു .
അപ്പോഴാണ് അവർക്കു ഒരു മുടക്കവും കൂടാതെ ഭക്ഷണം കൊടുക്കുന്നതിനെക്കുറിച്ചു അദ്ദേഹം ചിന്തിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ ഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അവർക്കു സൗജന്യ ഭക്ഷണം എത്തിച്ചുകൊടുക്കാനുള്ള അദ്ദേഹത്തിൻ്റെ ഉദ്ദ്യമം വിജയം കണ്ടു.
ഇനി കഥയിലേക്ക് തിരിച്ചു വരാം …
വാർഡിലേക്ക് കടക്കാൻ നേരം എനിക്കോർമ്മ വന്നത് മറ്റൊരിക്കൽ ആ ആശുപത്രിയിലെ തന്നെ മുതിർന്ന ഡോക്ടറായ Dr മോഹൻ പാലിയേറ്റീവ് കെയറിലേക്കു കടക്കുന്നതിനു മുൻപ് എന്നോട് ചോദിച്ച ചോദ്യമായിരുന്നു …” അവിടത്തെ അവസ്ഥ കണ്ടാൽ കരയുമോ ” എന്ന്
” തീർച്ചയായും കരയും ” എന്ന് ഞാൻ മറുപടി കൊടുക്കുകയും ചെയ്തു.
ഇവിടെയും അവസ്ഥ മറിച്ചൊന്നുമായിരുന്നില്ല.തീർത്തും പരിതാപകരം . HIV, കാൻസർ തുടങ്ങിയ ഒട്ടനവധി രോഗങ്ങൾ കൊണ്ടവശരായവർ .
ചിലർ അനാഥരായിരുന്നു എങ്കിൽ മറ്റു ചിലരെ ബന്ധുമിത്രാദികൾ ഒരു ബാധ്യതതായി കണ്ടു ഉപേക്ഷിച്ചതായിരുന്നു.
ഒരു കട്ടിലിൽ മൂന്നു പേർ വീതം കിടക്കുന്നു . അവരുടെ ശരീരങ്ങൾ അത്രയും ശുഷ്ക്കിച്ചതുകൊണ്ടാവാം യാതൊരു പരിഭവവുമില്ലാതെ ഒരേ കട്ടിലിൽ അവർ ഒരുമിച്ചു കിടന്നിരുന്നത്.
ഇതൊക്കെ കണ്ടതും നെഞ്ചിൽ ഒരു പാറക്കല്ല് എടുത്തു വച്ചതു പോലെ തോന്നി എനിക്ക് . ശ്വാസം കിട്ടാത്തതു പോലെ….. അപ്പോഴൊക്കെ ഞാൻ ഫോൺ ചെയ്യാനെന്ന ഭാവത്തിൽ പുറത്തു കടക്കും.എന്നിട്ടു തിരിച്ചു വരും.
ഞാൻ ആരോടും ഒരു ചോദ്യവും ചോദിച്ചില്ല..
പക്ഷെ അത്രയും പരിതാപകരമായ അവസ്ഥയിലും എനിക്കൊരു പുഞ്ചിരി നൽകുവാൻ അവരാരും ഒരു വൈമനസ്യവും കാണിച്ചില്ല .
ചുറ്റും ഒന്ന് കണ്ണോടിക്കുന്നതിനിടയിലാണ് ഞാൻ ഹസ്സനിക്കയെ കാണുന്നത് .
ആ മുറിയുടെ ഒത്ത നടുവിൽ നിലത്തു ഒരു പായയിൽ മലർന്നു കിടയ്ക്കുന്നു . ഹസ്സനിക്കയുടെ തലയ്ക്കാം ഭാഗത്തായി കുറച്ചു സഞ്ചികൾ ഇരിപ്പുണ്ട് . അതിലൊക്കെ പ്രാർത്ഥനാപുസ്തകങ്ങൾ…ഇന്ന മതസ്ഥരുടെ എന്നില്ല …എല്ലാവരുടെയും ഉണ്ട് …
അദ്ദേഹത്തിനടുത്തേയ്ക്കു നടന്നടുക്കുന്നതിനിടയിൽ പീറ്ററു ചേട്ടൻ ഹസ്സനിക്കയെ കുറിച്ച് പറഞ്ഞു…” രണ്ടു വർഷമായി ഇതേ കിടപ്പാണ് .”
ശരീരം മൊത്തം തളർന്ന ഹസ്സനിക്കയ്ക്കു ഒന്ന് തിരിഞ്ഞു കിടക്കാൻ പോലുമാകുമായിരുന്നില്ല .
കർണ്ണാടക സ്വദേശിയായ ഹസ്സനിക്ക കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റാണ് കുടുംബം പുലർത്തിയിരുന്നത്. നിനച്ചിരിക്കാതെയുണ്ടായ ഒരപകടം അദ്ദേഹത്തിൻ്റെ ജീവിതത്തിന്റെ അടിത്തറയെ തന്നെ ഇളക്കി. ചലനശേഷി നഷ്ടപ്പെട്ടു. പിന്നീട് ദേഹം മുഴുവൻ തളർന്നു കിടപ്പായി .
ഭാരമായി തോന്നിയപ്പോൾ ഭാര്യയും രണ്ടു മക്കളും ഉപേക്ഷിച്ചു പോയി . അമ്മയും ഒരു ജ്യേഷ്ഠനും ഉണ്ട്. പക്ഷെ അവർക്കു ബാധ്യതയാവാൻ ഹസ്സനിക്ക താല്പര്യപ്പെട്ടില്ല.
ഞാൻ അദ്ദേഹത്തിൻ്റെ അടുത്ത് മുട്ട് കുത്തി ഇരുന്നു. ഒന്നും ചോദിക്കാതെ തന്നെ അദ്ദേഹം പീറ്ററു ചേട്ടൻ പറഞ്ഞ അതേ കഥ ആവർത്തിച്ചു.ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയതിനെ കുറിച്ച് പറഞ്ഞു .” അവർ ചെയ്തതാണ് ശരി. അവരുടെ മുൻപിൽ ഒരു ജീവിതമുണ്ട്.”
ഹസ്സനിക്കയുടെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പക്ഷെ അവരെയും ബന്ധപ്പെടാൻ ശ്രമിച്ചില്ല.
” എൻ്റെ ‘അമ്മ ജീവിതക്കാലം മുഴുവനും രോഗിയായ അച്ഛനെ ശുശ്രൂഷിച്ചു തൻ്റെ ജീവിതം തള്ളി നീക്കിയ ആളാണ് . ഒരിക്കൽ കൂടി അവരെ അങ്ങനെയുള്ള അവസ്ഥയിലേക്ക് തള്ളി നീക്കാൻ എനിക്ക് മനസ്സ് വന്നില്ല.”
കരച്ചിൽ നിയന്ത്രിക്കാൻ ഞാൻ നന്നേ പാട് പെടുന്നുണ്ടായിരുന്നു. ഇത് കണ്ട ഹസ്സനിക്ക എന്നോട് പറഞ്ഞു.
” കുട്ടി എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്. എനിക്ക് യാതൊരു പരിഭവവുമില്ല . സന്തോഷമേയുള്ളൂ. ഞാൻ ദൈവത്തെ അറിഞ്ഞത് എൻ്റെ ഈ നിസ്സഹായാവസ്ഥയിലൂടെ ആണ്. ആരോടും ഒരു പരാതിയുമില്ല . കുഞ്ഞിനറിയോ ഇന്നലെ ഏശപ്പൻ ( Jesus Christ )വന്നിരുന്നത് കുഞ്ഞിരിക്കുന്ന അതെ സ്ഥലത്തായിരുന്നു. എന്നോട് കുറച്ചു നേരം സംസാരിച്ചു.”
ഇത് പറയുമ്പോൾ അദ്ദേഹത്തിൻ്റെ മുഖം ഒരു തെളിഞ്ഞ ജലാശയം പോലെ ശാന്തമായിരുന്നു.
അത് കേട്ട് കഴിഞ്ഞപ്പോൾ മേലാകെ ഒരു കോരിത്തരിപ്പ് …..നിയന്ത്രിക്കാൻ പാട് പെട്ടിരുന്ന എൻ്റെ കരച്ചിൽ അങ്ങനെ ധാര ധാരയായി ഒഴുകാൻ തുടങ്ങി.
ഒരിക്കൽ പോലും ഞാൻ ഹസ്സനിക്കപറഞ്ഞതവിശ്വസിച്ചില്ല .
തിരിഞ്ഞു നടക്കുമ്പോഴും എൻ്റെ മനസ്സിൽ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ..
” എങ്ങനെ പറ്റുന്നു എൻ്റെ ഹസ്സനിക്ക ഇത്രയും തെളിഞ്ഞ മനസ്സോടു കൂടി ഈ നിസ്സഹായാവസ്ഥയിലും ജീവിതത്തോട് പൊരുതാൻ”
– ഷാലറ്റ് ജിമ്മി

No comments:
Post a Comment