വൈറ്റിലയിൽ നിന്നും പനമ്പിള്ളി നഗറിലുള്ള ഓഫീസിലേയ്ക്കുള്ള കൊച്ചു ബസ് യാത്രകൾക്കിടയിലാണ് ഞാൻ ആ പള്ളി ആദ്യമായി കാണുന്നത്. കാണുമ്പോഴൊക്കെ അങ്ങോട്ട് പോകണമെന്ന കലശലായ ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്ത് കൊണ്ടോ അങ്ങനെയുള്ളൊരു സന്ദർഭം ഒത്തു വന്നില്ല.
പ്രഥമദൃഷ്‌ട്യാ ഒരു വിശ്വാസിയല്ലായെന്നു തോന്നിക്കുമെങ്കിലും വിശ്വാസത്തിൻറെ ബലം ഒന്ന് കൊണ്ട് മാത്രം നിലനിന്നു പോകുന്ന ഒരു വ്യക്തി ആണ് ഞാൻ. വീട്ടുകാരിൽ നിന്നകന്ന്, ഏതു സ്ഥലത്തൊക്കെ ജോലിഎടുക്കാൻ പോയിട്ടുണ്ടോ, അവിടെയുള്ള എൻ്റെ താമസസൗകര്യത്തിനരികിൽ തന്നെ മനസ്സിണങ്ങിയ ഒരു പള്ളി കാണും.
ഒഴിവു ദിവസങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന ആ പള്ളിയുടെ ഒരു കോണിൽ ചെന്നിരിക്കും.കുറച്ചു നേരമിരുന്നു ഇങ്ങു പോരും. അത് തന്നെയായിരുന്നു പ്രാർത്ഥനയും.അവിടന്ന് പോരുമ്പോഴേക്കും മനസ്സിനൊരു തെളിമ കിട്ടിയിരിക്കും.
മേല്പറഞ്ഞ പള്ളി കുറചകത്തോട്ടു നീങ്ങിയാണ് നിലനിന്നിരുന്നത് . അതു കൊണ്ട് തന്നെ ആ പള്ളിയുടെ പേര് പോലും ഒന്ന് ശരിയായി നോക്കാൻ കഴിഞ്ഞിട്ടില്ല. ഒരുപക്ഷെ, തിരക്കേറിയ ബസ്‌യാത്ര തന്നെയാകും കാരണം.
എനിക്ക് ഒരു പള്ളി ഇഷ്ടപ്പെടുന്നതിനായി ചില ഘടകങ്ങൾ ഒക്കെ ഉണ്ടുട്ടോ. മനസിന് പിടിച്ചോ എന്ന് കയറുമ്പോൾ തന്നെ അറിയാം. കണ്ണുനീർ ഇങ്ങനെ ധാര ധാരയായി ഒഴുകാൻ തുടങ്ങും.
അങ്ങനെ കൊച്ചിയിൽ വന്നു ഏകദേശം പത്തു മാസം കടന്നു പോയി. യാത്രകൾക്കിടയിൽ മിക്ക ദിവസങ്ങളിലും ആ പള്ളി ഞാൻ കടന്നു പോകാറുണ്ടായിരുന്നു.
എന്നാൽ, ആഴമില്ല കയത്തിൽ വീണു കൈകാലിട്ടടിക്കുമ്പോഴല്ലേ ഈശ്വരസ്മരണ പൂർണമായും വരൂ. മനഃപൂർവ്വമല്ലായിരിക്കാം. മനസ്സിനുള്ളിലെ ഊരാക്കുടുക്കുകൾ സ്വയം അഴിക്കണമെന്ന വാശി. അത് എന്ത് കൊണ്ടും നല്ലതു തന്നെയാണ്. ഒരുപക്ഷെ അത് തന്നെയായിരിക്കാം ശരി.
പക്ഷെ , ദൗർഭാഗ്യവശാൽ ചിലപ്പോഴൊക്കെ അഴിക്കാൻ ശ്രമിച്ചു നമ്മൾ അത് കടുംകെട്ടാക്കി വെയ്ക്കും.പിന്നെ ആ കെട്ടഴിക്കണം. അത് തന്നെ കൊണ്ട് കൂടിയാൽ കൂട്ടില്ല എന്ന് വരുമ്പോൾ മനസൊന്നുരുകും.അത് ഉള്ളിൽ നിന്നുള്ള ഒരു വിളിയായി അങ്ങകലെ ചക്രവാള സീമയിൽ ചെന്ന് തട്ടും. ഉത്തരങ്ങൾ താനെ കൈ വരും. തീർത്തും എൻ്റെ അനുഭവമാണുട്ടോ പറഞ്ഞത്.
ഇങ്ങനെയുള്ള അവസ്ഥ ഇടയ്ക്കിടെ ഉണ്ടാകാം. പക്ഷെ ആ കുരുക്കഴിച്ചു, തെളിഞ്ഞ ജലാശയം കണക്കെ ഉള്ള ഒരു മനസുമായി പുറത്തു വരുമ്പോഴുണ്ടാകുന്ന ആ അനുഭവം ഉണ്ടല്ലോ...അത് വിവരണാതീതമാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഒരെഴുമണിയോടെ ഒരു സുഹൃത്തിനോടൊപ്പം എളംകുളത്തുള്ള ഒരു പള്ളി ലക്ഷ്യമാക്കി പോയി. മനസ് തെളിഞ്ഞ ജലാശയം അല്ലായിരുന്നു. ഇവിടെ വന്നതിനു ശേഷം ഒന്നോ രണ്ടോ തവണ അവിടെ പോയിട്ടുണ്ട്. പോകാനുദ്ദേശിച്ച പള്ളിയുടെയും പോകാനാഗ്രഹിച്ച പള്ളിയുടെയും നടുക്കാണ് അന്ന് ബസിറങ്ങിയത്.
പള്ളി ഇരുട്ടിൽ കാണുന്നില്ലെങ്കിലും, അതിനു മുൻപിലായി, റോഡിനോട് കുറച്ചു നീങ്ങി ഒരു ലൈറ്റ് കൊണ്ടലങ്കരിച്ച വലിയ കൊന്ത.
നമുക്കങ്ങോട്ടു പോയാലോ വിസ്മയ ...ഞാൻ കൂടെ വന്ന സുഹൃത്തിനോട് ചോദിച്ചു.
ദൂരം തോന്നിയത് കൊണ്ടാവാം, അവൾ പറഞ്ഞു " വേണ്ട ചേച്ചി, നമുക്കീ അടുത്തുള്ള പള്ളിയിൽ പോകാം.
അവിടെ ചെന്നപ്പോഴോ ഒന്ന് കാലും പോലും കുത്താനിടമില്ല. കുർബാന നടന്നു കൊണ്ടിരിക്കുന്നു.വളരെ വലിയ പള്ളിയാണെങ്കിലും സ്ഥലമില്ലാഞ്ഞിട്ടു ചിലരൊക്കെ പള്ളിക്കു പുറത്തു നിന്നാണ് കുർബാന കാണുന്നത്.
" വേണ്ട വിസ്മയ. ഇത്ര തിരക്കിനുള്ളിൽ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. വേറെ ഒരിക്കലാകാം. അങ്ങനെ ഞങ്ങളവിടെ നിന്ന് പൊന്നു.
അപ്പോഴേക്കും ഇരുട്ട് നന്നായി വീണു തുടങ്ങിയിട്ടുണ്ടായിരുന്നു. രാത്രിവിളക്കുകൾ തെളിഞ്ഞു കഴിഞ്ഞു.
" നമുക്ക് കുറച്ചു മുന്നോട്ടു നടന്നാലോ "
അങ്ങനെ ഞങ്ങൾ രണ്ടു പേരും കൂടി കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ഇടത്തോട്ട് ഒരു തിരിവ്.
" ഇവിടെ ഒരു പള്ളിയുണ്ട് ചേച്ചി, നമുക്കവിടെ പോയി നോക്കിയാലോ",
" ആയിക്കോട്ടെ "
നടന്നു കുറച്ചു ചെന്നപ്പോഴേക്കും ഒരു മാതാവിന്റെ രൂപം കണ്ടു . ഏഴുമണി കഴിഞ്ഞതിനാൽ പള്ളി അടച്ചിരിക്കുമോ എന്ന ശങ്കയോടെ ഞങ്ങൾ പള്ളിയങ്കണത്തിലേയ്ക്ക് പ്രവേശിച്ചു.
" നമുക്ക് ഭാഗ്യം ഉണ്ട് ചേച്ചി പള്ളിയടച്ചിട്ടില്ല"- അന്വേഷിച്ചു കണ്ടുപിടിച്ചതിൻറെ ഒരു സുഖമുണ്ടായിരുന്നു അതിനു.
അപ്പോഴേക്കും ഒരു ചേട്ടൻ ഞങ്ങളുടെ അടുത്തേയ്ക്കു നീട്ടി പിടിച്ച ഒരു പൊതിയുമായി വന്നു. നോക്കിയപ്പോൾ, കൊഴുക്കട്ടകൾ.
" ഒരു ചെറിയ പെരുന്നാളുണ്ടായിരുന്നു , അതിൻറെ നേർച്ചയാ "
വയറും മനസും ഒരുമിച്ചു നിറഞ്ഞ അനുഭവം.
ഒരു കൊച്ചു അനാർഭാടമായ പള്ളി, വളരെ ലളിതമായ അൾത്താര. പള്ളിയുടെ ഒരു വശത്തുള്ള മാതാവിൻറെ രൂപത്തിന് മുൻപായി വെളിച്ചെണ്ണ ഒഴിച്ച നിലവിളക്ക്. അതിൽനിന്ന് കുറച്ചെണ്ണ ഞാൻ നെറ്റിയിൽ തൊട്ടു. കണ്ണുനീർ ധാരയായി ഒഴുകി.
പിന്നീട് ഞങ്ങൾ പള്ളിയുടെ മുന്ഭാഗത്തേയ്ക്കു നടന്നു.
" അല്ല വിസ്മയ! ഇതേതാ ഭാഗം...തീരെ മനസിലാകുന്നില്ല."
" ചേച്ചി...ശരിക്കൊന്നു നോക്കിയേ. ചേച്ചി പോകണം, പോകണം എന്ന് പറഞ്ഞ പള്ളിയല്ലേ ഇത്."
അന്ന് രാത്രി ഞാൻ സുഖമായി ഉറങ്ങി.
പിന്നീട് രാവിലെയായപ്പോൾ ഞാൻ മനസിലാക്കി എൻ്റെ കടുംകെട്ടു അഴിഞ്ഞു പോയിരിക്കുന്നു എന്ന്.
അതങ്ങനെയാ.... മനസ്സിൽ ആഗ്രഹമുണ്ടെങ്കിലും അങ്ങോട്ട് ചെല്ലണമെങ്കിലും അവിടന്ന് വിളിക്കണം.
- ഷാലറ്റ് ജിമ്മി

No comments:
Post a Comment