ഡിസംബർ ഇരുപത്തിയേഴിനായിരുന്നു ഈ വർഷത്തെ തൃശ്ശൂര്ക്കാരുടെ സ്വന്തമായ, ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ബോൺ നതാലെ. ആ പരിപാടിയുടെ ഭാഗമായി ബസ്സുകളെല്ലാം തിരിച്ചു വിട്ടുകൊണ്ടിരുന്നത് ഞങ്ങളുടെ വീടിൻ്റെ മുന്നിലൂടെ ആയിരുന്നു. സാധാരണ ബസുകൾ ആ വഴി പോകാറില്ല.
ഇത് കണ്ട എൻ്റെ മമ്മിയും, പുള്ളിക്കാരിയെ സഹായിക്കാനായി വീട്ടിൽ വരുന്ന ലീലാമ്മ ചേച്ചിയും കൂടി അവരുടെ പണ്ടത്തെ കാര്യങ്ങൾ എന്നത്തേതും പോലെ അയവിറക്കാൻ തുടങ്ങി.
ലീലാമ്മ ചേച്ചി ഇടുക്കിക്കാരിയാണ്. ഒരുപാട് വര്ഷങ്ങള്ക്കു മുൻപ് തൃശ്ശൂരിൽ വന്നു താമസമാക്കിയതാണ്. മമ്മിയുടെ പോലെ അല്ല, കക്ഷി .
ബസ്സൊക്കെ ഒരുപാട് കയറി പരിചയമുള്ള ആളാണ്.
എന്നിട്ടും പുള്ളിക്കാരി പറയുന്നത് സാധാരണ ഓടുന്ന വഴിയിൽ നിന്ന് ഒന്ന് മാറി ബസ് ഓടിയാൽ ചങ്കു പിടയ്ക്കാൻ തുടങ്ങും എന്നാണ്.
മമ്മിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല....
" ശരിയാ ലീലാമേച്ചി! ... ഞങ്ങൾ കുന്നംകുളത്തു നിന്ന് തൃശ്ശൂരിലേക്ക് വരുമ്പോൾ ചേട്ടൻ ഞങ്ങളെ ബസ് കയറ്റി വിടാറാണ് പതിവ്. റൂട്ടെങ്ങാനും മാറ്റി ചിലപ്പോൾ ആ മുണ്ടൂര് വഴി ബസ് അങ്ങോട്ട് എടുക്കും . അപ്പോൾ വയറിൻറെ ഉള്ളിലൊരു കാളലാ ...."
വയറു കാളിയല്ലേ പറ്റൂ ....
ബസും കയറ്റികൊടുത്ത് ഏതു ബസ് സ്റ്റോപ്പിൽ ഇറക്കി കൊടുക്കണം എന്ന് വരെ ഡാഡി ഡ്രൈവറോട് പറഞ്ഞേൽപ്പിക്കും. മിക്കവർക്കും ഡാഡിയെ അറിയാവുന്നതു കൊണ്ട് ചിലപ്പോഴൊക്കെ അവർ സ്റ്റോപ്പിൽ നിറുത്താതെ മമ്മിയുടെ വീടിനു മുന്നിൽ തന്നെ നിറുത്തി കൊടുക്കും.
അങ്ങനെയുള്ള ആൾക്ക് ചങ്കു പിടയ്ക്കാതെ വയ്യല്ലോ.
ഇത് കേട്ട് കിടക്കുകയായിരുന്ന ഞാൻ ആലോചിച്ചത് ഒരുപാട് വര്ഷങ്ങള്ക്കു മുൻപ് മമ്മിയുടെ ചങ്കിനു ശരിക്കും പണി കൊടുത്ത എൻ്റെ ചില ചെയ്തികളിൽ ഒന്നായിരുന്നു.
എനിക്ക് ഒരു അഞ്ചു - അഞ്ചര വയസ്സ് കാണും. അന്ന് മമ്മി നിറഗർഭിണി . ഈ കാലങ്ങളിൽ ആയിരുന്നു മമ്മിയുടെ ചങ്കിനു പലപ്പോഴും പണി കിട്ടിയിരുന്നത്. പക്ഷെ അതിൻറെ ദൂഷ്യഫലങ്ങൾ അനുഭവിച്ചിരുന്നത് അന്ന് മമ്മിയുടെ വയറ്റിനുള്ളിൽ താമസിച്ചിരുന്ന എൻ്റെ അനിയൻ ചെക്കനായിരുന്നു. അതുകൊണ്ടു തന്നെ ജനിച്ചു കഴിഞ്ഞു ഒരു അഞ്ചു വയസ്സ് വരെ ചെക്കന് എന്നും അസുഖമായിരുന്നു.
പക്ഷെ ഇപ്പോൾ വല്യേ പുള്ളിയാണ് ട്ടോ .... സുന്ദരൻ ....സുമുഖൻ ...ഒരു പാൽഗോവ കണക്കെ ഇരിക്കും ..
ആ ...കഥയിലേക്ക് വരട്ടെ ...
അന്ന് ഞങ്ങൾ ശങ്കർ അയ്യർ റോഡിലുണ്ടായിരുന്ന മമ്മിയുടെ വീട്ടിൽ ആയിരുന്നു താമസം. കക്ഷിയുടെ പ്രസവം പ്രമാണിച്ചു വന്നതായിരുന്നു .
തൊട്ടടുത്ത് ഒരു വീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ . റോഡിനു എതിർവശത്തായി ഏതാനും ചില വർക്ഷോപ്പുകളും.
ആ വീടിൻറെ മുറ്റത്തു നിന്നിരുന്ന ബൊഗെൻവില്ലയും മുല്ലയും മതിലിനു മുകളിലൂടെ ഞങ്ങളുടെ മുറ്റത്തേയ്ക്ക് പടർന്നു നിന്നിരുന്നു . കളിക്കുവാൻ അനുവദിച്ചിരുന്ന ചില വൈകുന്നേരങ്ങളിൽ അതിൻ്റെ പൂക്കളോടു കൂടിയ കുഞ്ഞു തണ്ടുകൾ വേണമെന്നുള്ളത് എൻ്റെ നിർബന്ധങ്ങളിൽ ഒന്നായിരുന്നു .
കൂടാതെ മുറ്റത്തു നിന്ന് കളഞ്ഞു കിട്ടുന്ന കണ്ണഞ്ചിപ്പിക്കുന്ന സാധനങ്ങൾ പെറുക്കി എടുക്കുക എന്ന പ്രധാന വിനോദവും ഉണ്ടായിരുന്നു..
അന്നും, അമ്മ (മമ്മിയുടെ അമ്മയെ ഞങ്ങൾ പേരക്കുട്ടികൾ 'അമ്മ ' എന്നാണ് വിളിക്കുന്നത്) എന്നത്തേതും പോലെ രണ്ടു കുഞ്ഞു തണ്ടുകൾ എനിക്ക് പൊട്ടിച്ചു തന്നു.
മമ്മിയുടെ അമ്മയും, ഞാനും പിന്നെ മമ്മിയുടെ വല്യച്ചൻറെ മകളായ റീന ചേച്ചിയും മാത്രം ആയിരുന്നു അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്. മമ്മിയുടെ സഹോദരന്മാരും എൻ്റെ ഡാഡിയും ജോലി കഴിഞ്ഞു വീട്ടിൽ എത്തിയിരുന്നില്ല.
അങ്ങനെ ആ പൂക്കളടങ്ങിയ കുഞ്ഞു തണ്ടുകളും കൈപിടിച്ചോണ്ടു കളിച്ചു കൊണ്ടിരുന്ന സമയത്താണ് മുറ്റത്തു എന്തോ കിടന്നു തിളങ്ങുന്നത് കണ്ടത്.
നോക്കിയപ്പോൾ ഒരു വലിയ താക്കോൽ ...ഒരു നിധി കണ്ടെത്തിയ സന്തോഷത്തോടെ ഞാൻ അത് എടുത്തു കളിക്കുവാൻ തുടങ്ങി.
ആ സമയത്തായിരുന്നു മമ്മിയുടെ വലിയമ്മയുടെ മകനായ ജോണി ചേട്ടൻ ആ വഴി വന്നത്. ( ഇന്ന് ജോണി ചേട്ടൻ ജീവിച്ചിരിപ്പില്ല . മുപ്പത്തിയഞ്ചാമത്തെ വയസിൽ പെട്ടെന്നുണ്ടായ ഒരു അസുഖത്തെത്തുടർന്ന് അദ്ദേഹം മരിച്ചു )
സംസാരത്തിനിടയിൽ എൻ്റെ കയ്യിൽ താക്കോൽ കണ്ട ജോണി ചേട്ടൻ പലവട്ടം അത് കളയാൻ പറഞ്ഞെങ്കിലും അനുസരണശീലം തൊട്ടുതീണ്ടാത്തതു കൊണ്ടാകാം ഞാനാ താക്കോൽ കളയാൻ കൂട്ടാക്കിയില്ല.
കുറച്ചു നേരം അമ്മയോട് സംസാരിച്ചു നിന്നിട്ടു ജോണി ചേട്ടൻ തിരിച്ചു പോയി.
'അമ്മ ഉമ്മറത്ത് വന്നിരുന്ന് എൻറെ അച്ചാച്ഛന്മാരെയും ഡാഡിയെയും കാത്തിരിക്കാൻ തുടങ്ങി. അതെ സമയം കളിച്ചു തളർന്ന ഞാൻ നടേലകത്തു വിശ്രമിക്കുകയായിരുന്ന മമ്മിയുടെ അടുത്ത് വന്നു കിടന്നു.
ചെറിയ മയക്കത്തിൽ ആയിരുന്നു, മമ്മി. എനിക്കപ്പോൾ ചുമ്മാ തോന്നി. ഈ താക്കോലോന്നു വായിൽ വെച്ച് കളിച്ചാലോ എന്ന്.
എന്നിട്ടു തള്ളവിരലിലും ചൂണ്ടാണി വിരലിലുമായി താക്കോൽ എടുത്തു ഇങ്ങനെ തുറന്നു പിടിച്ച വായയുടെ മുകളിലായി പിടിച്ചു. പെട്ടെന്നാണ് താക്കോൽ വായിലേക്ക് വീണത്. അന്ന് എനിക്കുണ്ടായ തോന്നൽ ഇന്നും ഞാൻ വളരെ കൃത്യമായി തന്നെ ഓർക്കുന്നു.
" ഭാരമുള്ളതായതു കൊണ്ട് ഈ താക്കോൽ തുപ്പണമെങ്കിൽ എഴുന്നേറ്റിരുന്നു തന്നെ തുപ്പണം. അതിനേക്കാൾ എളുപ്പം വിഴുങ്ങുന്നതല്ലേ ? ...." അതെ " എന്ന് എൻ്റെ മനസ്സ് തറപ്പിച്ചു പറഞ്ഞു. ഞാൻ അങ്ങനെ ആ താക്കോൽ വളരെ ആയാസകരമായി വിഴുങ്ങി.
ഒരഞ്ചു സെക്കൻഡ് കഴിഞ്ഞപ്പോൾ തോന്നി. ഇത്രയൊക്കെ ചെയ്തതല്ലേ...മമ്മിയോട് പറഞ്ഞേക്കാം . മയങ്ങി ക്കിടന്നിരുന്ന പുള്ളിക്കാരിയെ പിടിച്ചുണർത്തി ഞാൻ സന്തോഷത്തോടെ തന്നെ പറഞ്ഞു . " മമ്മീ ....ഞാൻ താക്കോൽ മിണുങ്ങിട്ടോ ..."
ഇത് കേട്ടതും കക്ഷി ഒരൊറ്റ നിലവിളി . അത് കേട്ട് ഓടി വന്നു കാര്യം അറിഞ്ഞ അമ്മയും ആർത്തു നിലവിളിക്കാൻ തുടങ്ങി. എന്നിട്ടു എന്നെ വേഗം ഒക്കത്തെടുത്തോണ്ടു ഓട്ടോ പിടിക്കാനായി മുൻവശത്തേയ്‌ക്കോടി . നിലവിളി കാരണം വഴിയിലൂടെ പോകുന്നവരൊക്കെ കാരണം തിരക്കാൻ തുടങ്ങി.
" എന്താ ശോശന്നം ചേച്ചി പറ്റിയെ ? "
" കുട്ടി താക്കോൽ വിഴുങ്ങി "
എനിക്കാണെങ്കിലോ ആളുകളുടെ മുന്നിൽ എന്നെ ഒക്കത്തെടുത്തതിൻറെ ചമ്മലും.
അതിനു പുറമെ ഇവർ ഇങ്ങനെ കൂട്ടമായി നിലവിളിക്കുന്നതിൻറെ കാര്യവും മനസിലായില്ല.
റീന ചേച്ചി അടുത്ത് വന്നിരുന്നോണ്ട് കരഞ്ഞു കൊണ്ട് എന്നോട് ചോദിക്കുന്നുണ്ട് ..." നീ താക്കോല് വിഴുങ്ങീന്നു തമാശ പറയുന്നതല്ലേ എന്ന് "
" ഞാൻ ശരിക്കും വിഴുങ്ങി റീനേച്ചി" എന്ന് ഞാനും.
ഇത്രയും വലിയ കാര്യങ്ങളിൽ തമാശ പറയേ ...എൻ്റെ കുഞ്ഞു മനസ്സിന് ആ ചോദ്യം അത്ര രസിച്ചില്ല
സ്വതവേ മറ്റു വീടുകളിൽ പോയി താമസിക്കാൻ വിമുഖത കാണിച്ചിരുന്ന റീനേച്ചി ആദ്യായിട്ടാണ് സ്വന്തം വല്യമ്മേടെ വീട്ടിൽ വന്നു താമസിക്കുന്നത് . ഈ സംഭവത്തോട് കൂടി റീനേച്ചി പൂർണമായി ആ പരിപാടി അങ്ങ് നിറുത്തി.
അപ്പോഴേക്കും എൻ്റെ ചെറിയ അച്ചാച്ചന്റെ കൂട്ടുക്കാർ ബഹളമൊക്കെ കേട്ട് അവിടെ വന്നു. കാര്യം അറിഞ്ഞ അവർ പെട്ടെന്ന് തന്നെ ഒരു ഓട്ടോ ഏർപ്പാടാക്കി.
ഓട്ടോയിൽ ഇരിക്കുന്ന സമയത്തു ഞാൻ പറയുന്നുണ്ട് .. " ദേ ...എൻ്റെ വയറിൻറെ വലത്തേ അറ്റത്തായി എന്തോ കുത്തുന്നു എന്ന് ..." ആര് കേൾക്കാൻ ...
ആദ്യത്തെ ആശുപത്രിക്കാർ നിസ്സഹായരായി ഞങ്ങളെ വേറെ ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടു. അവിടെ എത്തി എക്സറേ എടുത്തു നോക്കിയപ്പോൾ ഞാൻ പറഞ്ഞ അതേ സ്ഥലത്തു തന്നെ താക്കോൽ കിടക്കുന്നു.
" ഇപ്പോൾ എന്തായി. വിഴുങ്ങിയ എനിക്കറിയില്ലേ അത് എവിടെയാ കിടക്കുന്നതെന്ന് " എന്ന ഭാവമായിരുന്നു എനിക്ക്.
സത്യത്തിൽ താക്കോലിൻറെ പല്ലു മുഴുവനായി തേഞ്ഞു പോയതുകൊണ്ടും , വെറേ എവിടെയും ഉടക്കി നിൽക്കാതിരുന്നതും കൊണ്ടുമാണ് ജീവന് കുഴപ്പം ഒന്നുമില്ലാതെ ഞാൻ രക്ഷപ്പെട്ടത്.
ഒരു laxative തന്നു ഡോക്ടർ കാര്യം ഒത്തു തീർപ്പാക്കി.
എന്നിട്ടു ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു..." നീ താക്കോൽക്കൂട്ടം തന്നാലും വിഴുങ്ങോ ? " എന്ന്.
ഇന്നും ഡാഡി തൻ്റെ താക്കോൽ കൂട്ടത്തിൽ ആ താക്കോൽ സൂക്ഷിച്ചിട്ടുണ്ട്.
ഇങ്ങനെ ആണ് " തൊളത്ത " എന്ന എൻ്റെ ആദ്യത്തെ അപരനാമം മാറി " താക്കോൽ" എന്നായതു.
മുന്നിൽ അന്ന് രണ്ടു പല്ലില്ലാതിരുന്നത് കൊണ്ട് ചെറിയ അച്ചാച്ചന്റെ കൂട്ടുക്കാർ എന്നെ സ്നേഹത്തോടെ വിളിച്ചിരുന്ന പേരായിരുന്നു തൊളത്ത എന്ന് . ഈ സംഭവത്തിന് ശേഷം അവർ സ്നേഹത്തോടെ എന്നെ ' താക്കോലെ .." എന്ന് വിളിക്കാൻ തുടങ്ങി.
നാളിതു വരെ അവരുടെ നാവിൽ നിന്ന് ഈ സംഭവത്തിനു ശേഷം എൻ്റെ സ്വന്തം പേര് ഞാൻ കേട്ടിട്ടില്ല.
ഇപ്പോൾ ശരിക്കും പേടിയുണ്ട് ...ഞാനൊക്കെ ഭാവിയിൽ അമ്മയാകുന്ന സമയത്തു പലിശ സഹിതം ഇതിനൊക്കെ തിരിച്ചു കിട്ടുമോ എന്ന്.
- ഷാലറ്റ് ജിമ്മി

No comments:
Post a Comment