വിരലിലെണ്ണാവുന്ന കല്യാണങ്ങളിൽ മാത്രമേ ഞാൻ പങ്കെടുത്തിട്ടുള്ളൂ . അതും സത്ക്കാരങ്ങളിലൊന്നും പെടാതെ ഭക്ഷണത്തിൽ ഒതുക്കി സ്ഥലം വിടുകയാണ് പതിവ്. ഒരുപക്ഷെ കുഞ്ഞുന്നാളിൽ പങ്കെടുത്തിട്ടുള്ള നല്ല ” വീട്ടുകല്യാണങ്ങളുടെ ” ഓർമ്മകളാകാം ഇന്നത്തെ ഓഡിറ്റോറിയം കല്യാണങ്ങളെ അവഗണിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
അന്നൊക്കെ ഒരു കല്യാണം ഉണ്ടാകുമ്പോൾ ആ നാട്ടിലെ എല്ലാവരും അവിടെ കാണും.
കല്യാണത്തലേന്നാണ് എനിക്കേറ്റവും ഇഷ്ടം. സ്കൂളിൽ നിന്ന് നേരെ പോകുന്നത് കല്യാണവീട്ടിലേക്കാണ് . അവിടന്ന് ചായയും കടിയും കഴിച്ചു തിരിച്ചു വരും. എന്നിട്ടു രാത്രി ആകുമ്പോൾ ചോറുണ്ണാൻ ഒരോട്ടം.
അങ്ങനെ ഒരു ദിവസം …വളരെ വർഷങ്ങൾക്കു മുൻപ് …അന്ന് എനിക്ക് ഒരു പത്തുപതിനൊന്നു വയസ്സ് കാണും.
” മാപ്പില്ലാത്ത “, അച്ഛനുമമ്മയുടെയും ഡ്യൂപ്ലിക്കേറ്റ് വരെ കിട്ടുന്ന കുന്നംകുളത്തായിരുന്നു എൻ്റെ ചെറുപ്പകാലം. ഞങ്ങളുടെ വീട് നിന്നിരുന്നത് ഒരേക്കറോളും വ്യാപിച്ചു കിടക്കുന്ന ഒരു പറമ്പിലായിരുന്നു. ഞങ്ങളുടെ വീട് കൂടാതെ ആ പറമ്പിൻറെ ഉടമസ്ഥനായ ചുമ്മാരപ്പേട്ടന്റെ വീടും തൊട്ടടുത്തുതന്നെ റോഡിനഭിമുഖമായി ഓലമേഞ്ഞ മണിച്ചേട്ടന്റെ ചായപ്പുരയുമായിരുന്നു ആകെ ആ പറമ്പിൽ അന്ന് ഉണ്ടായിരുന്നത് .
ചായപ്പുര എന്ന് പറയുന്നത് ശരിയാകില്ല കാരണം അത് മണിച്ചേട്ടന്റെയും പുഷ്പാചേച്ചിയുടെയും അവരുടെ മൂന്നു മക്കളുടെയും വീടും കൂടി ആയിരുന്നു. അത്യാവശ്യ വലുപ്പവും ഉണ്ടായിരുന്നു.
ചായക്കടയ്ക്കു എതിർദിശയിൽ അല്പം നീങ്ങി ആയിരുന്നു സിലോണിലെ ശങ്കരേട്ടന്റെ വീട്.
അവിടെ ശാങ്കരേട്ടന്റെ മകൾ ലീലച്ചേച്ചിയുടെ കല്യാണഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. പുലർന്നാൽ കല്യാണം ആണ്.
ലീലച്ചേച്ചി കൂടാതെ മല്ലിക, മോഹന , നിർമല , സുമിത്ര, രവി എന്നീ മക്കളും ശങ്കരേട്ടനുണ്ട്.
സിലോൺക്കാരിയായ ഇവരുടെ അമ്മയെ കൂടാതെ ശങ്കരേട്ടൻ നാട്ടിലായിരുന്നപ്പോൾ വിവാഹം കഴിച്ച ശാന്തേടത്തിയും മകൻ രഘുച്ചേട്ടനും തൊട്ടപ്പുറത്തെ തന്നെ താമസിക്കുന്നു. അവരും കല്യാണ വീട്ടിലുണ്ട്.
ഇത്രയും പറഞ്ഞ സ്ഥിതിക്ക് പറയട്ടെ രണ്ടു ഭാര്യമാരും തമ്മിൽ ഒരസാമാന്യ പൊരുത്തം ഉണ്ടായിരുന്നു.ഞാൻ പലപ്പോഴും വിചാരിച്ചിരുന്നത് അവർ സഹോദരിമാരാണെന്നായിരുന്നു. കൂടാതെ രണ്ടു വിവാഹങ്ങളിലെയും ആണ്മക്കളായ രവി ചേട്ടനും രഘു ചേട്ടനും സയാമീസ് ഇരട്ടകളെ പോലെയും …എപ്പോഴും ഒന്നിച്ചു …കൂടാതെ നാട്ടുകാർക്കും ഇതിൽ വല്യേ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു …
അങ്ങനെ ഞങ്ങളെല്ലാവരും ഒത്തൊരുമിച്ച് …
ആ കഥയിലേക്ക് വരട്ടെ ……
പതിവ് പോലെ സ്ത്രീകളും കുട്ടികളും ഒരു സമയമായപ്പോൾ സ്വന്തം വീടുകളിലേക്ക് തിരിച്ചു. പുരുഷന്മാരെല്ലാവരും അവിടെ തന്നെ കൂടി ….പാതിരാവായിക്കാണും ..പെട്ടെന്ന് ഞങ്ങളുടെ കതകിൽ ശക്തിയായി ആരോ മുട്ടുന്നു..നോക്കിയപ്പോൾ ഡാഡി….. കതക് തുറന്നതും ഡാഡി അടുക്കളയിലേക്കോരോട്ടം.
എന്നിട്ടു അവിടെ ഇരിക്കുന്ന ഗ്യാസ്കുറ്റിയും പൊക്കി വിശാലമായി കിടക്കുന്ന പറമ്പിലേക്കോടി .അവിടെ ഒരു മൂലയിൽ കുറ്റി ഭദ്രമായി വെച്ചു ചായപ്പുരയുടെ ഭാഗത്തേയ്ക്ക് ഒരൊറ്റയോട്ടം . അപ്പോഴാണ് ഞങ്ങളും ആ കാഴ്ച കണ്ടത് . മണിച്ചേട്ടന്റെ ചായപ്പുര ആളിക്കത്തുന്നു. ഞങ്ങളുടെ അടുക്കളഭാഗം ചായപ്പുരയ്ക്കു തൊട്ടടുത്തായിരുന്നതുകൊണ്ടു എപ്പോൾ തീ പടർന്നൂ എന്ന് ചോദിച്ചാൽ മതി . പിന്നെ എല്ലാവരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമമായിരുന്നു.
മണിച്ചേട്ടൻ മലയ്ക്ക് പോകാൻ മാലയിട്ടത് കൊണ്ട് പുഷ്പാചേച്ചിയും മക്കളും തൊട്ടടുത്തുള്ള മണിച്ചേട്ടന്റെ അമ്മയുടെയും അച്ഛന്റെയും അടുത്തായിരുന്നു. ഉറക്കത്തിൽ അറിയാതെ മണ്ണെണ്ണ വിളക്കിൽ കൈ തട്ടി . ഉറക്കം പിടിച്ചത് കൊണ്ട് തീ ആളിപടർന്നതിനു ശേഷമാണു ആളറിഞ്ഞത്.
അത്ഭുദം എന്ന് പറയട്ടെ. ഇത്രയും ആളിപടർന്ന തീ ആ നാട്ടുകാര് തന്നെ കെടുത്തി.
ഒരുപക്ഷെ ആ വിവാഹത്തലേന്ന് നാട്ടുകാരൊന്നും അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ വളരെ വലിയ ഒരു ദുരന്തം തന്നെ ഉണ്ടാകാമായിരുന്നു.
പിറ്റേ ദിവസം പെരുവണ്ണാപുരത്തെ നല്ല നാട്ടുകാരെന്ന പോലെ ഞങ്ങൾ കുന്നംകുളത്തുകാരും ആ കല്യാണം അതിഗംഭീരമാക്കി…
അതൊക്കെ ഒരു കാലം
– ഷാലറ്റ് ജിമ്മി

No comments:
Post a Comment