ജീവിതത്തിൽ വിവാഹം കഴിക്കാനുള്ള കലശലായ മോഹമുദിച്ചത് ഒരിക്കൽ മാത്രമായിരുന്നു.
അന്നെനിക്ക് വയസ്സ് പന്ത്രണ്ട്...😇😇😌
അതൊരു കഥയാ...പറയാം...
കുട്ടിക്കാലത്തിന്റെ പതിനൊന്നു വർഷം ഞാൻ ചിലവിട്ടത് കുന്നംകുളത്തായിരുന്നു. ആ പേര് കേൾക്കുമ്പോൾ ' 'ഡ്യൂപ്ലിക്കേറ്റിന്റെ നാട് ' എന്ന് പലരുടെയും മനസ്സിൽ ഒരു ചിന്ത ഉയർന്നു പൊങ്ങിയേക്കാം. തികച്ചും സ്വാഭാവികം.അതിൽ അഹങ്കരിക്കാതെ ഇരുന്നിട്ട് കാര്യമില്ല കാരണം കുന്നംകുളത്തെ ഡ്യുപ്ലിക്കേറ്റുകൾ ഒറിജിനലിനെ വെല്ലുന്നതായിരുന്നു.
ഞാൻ ആറാം തരത്തിലെത്തിയപ്പോഴാണ് എം ഡി വർഗീസിന്, അതായതു എൻ്റെ ഡാഡിക്കു ഒരു വീണ്ടു വിചാരം ഉണ്ടായത് . തൻ്റെ കട കുന്നംകുളത്താണെങ്കിലും, ശൈശവം വിടാത്ത ഞങ്ങളുടെ വീട് വിറ്റു എന്തു കൊണ്ട് തൻ്റെ ബന്ധുജനങ്ങൾ ഉള്ള തൃശ്ശൂരിലേയ്ക്കു മാറി താമസിച്ചു കൂടാ എന്ന്. ആ ഉൾവിളി നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ പണി കിട്ടിയത് എനിക്കും.
അതിൻ്റെ ആദ്യ പടിയായി എന്നെ തൃശ്ശൂരിലുള്ള ഒരു കോൺവെൻറ് സ്കൂളിലേയ്ക്ക് പറിച്ചു നട്ടു. സത്യം പറഞ്ഞാൽ, പ്രവേശന പരീക്ഷ എഴുതുന്നതിനു മുൻപായി ആ സ്കൂളിനടുത്തുള്ള ഒരു കുഞ്ഞു ഹോട്ടലിൽ കയറി കഴിച്ച വെള്ളേപ്പവും മുട്ട റോസ്റ്റും ഒഴികെ അവിടെയുള്ള ഒന്നും എനിക്ക് തുലോം പിടിച്ചില്ല.
സ്‌കൂളിലെത്തിയപ്പോൾ ഏകദേശം ഒരെട്ടുമണിയായി കാണും. എങ്ങും നിശബ്ദത. വെള്ള സ്ലീവ് ഷർട്ടും മെറൂൺ കളറിലുള്ള മുട്ടോളമെത്തുന്ന പാവാടയും അതെ നിറത്തിലുള്ള ടൈയും ധരിച്ച കുറച്ചു കുട്ടികൾ അങ്ങിങ്ങായി പാറി നടക്കുന്നു . അതിൽ മുടി ബോബ് ചെയ്ത, കയ്യിൽ കൂർത്ത നഖങ്ങളുള്ള ഇച്ചിരി തടിച്ച ഒരു കുട്ടിയോട് പ്രിൻസിപ്പൽ സിസ്റ്ററുടെ മുറിയേതെന്നു ചോദിച്ചപ്പോൾ അവൾ ഒരു ഭാഗത്തേയ്ക്ക് കൈ ചൂണ്ടി നല്ല സ്ഫുടമായ ഇംഗ്ലീഷിൽ ആ മുറി വ്യക്തമായി കാണിച്ചു തന്നു. ഇത് കേട്ടതും വർഗീസ് ധൃതങ്കപുളകിതനായി.
എന്നെ നോക്കി. അതിൽ " കണ്ടു പടിക്ക് " എന്ന ഭാവവും. അത് കൊണ്ടായിരിക്കും " I am going," " Are you coming?" എന്നതല്ലാതെ മറ്റൊരു ഇംഗ്ലീഷ് വാചകവും അവിടെ പഠിച്ച നാല് കൊല്ലവും ഞാൻ ഉരിയാടാതെയിരുന്നത്.
കുന്നംകുളത്തെ നിഗൂഢതകൾ നിറഞ്ഞ കുന്നുകൾ ഇഷ്ടപ്പെട്ടിരുന്ന എന്നെ പുതിയ സ്‌കൂളും പരിസരവും ഒട്ടും തന്നെ ഭ്രമിപ്പിച്ചില്ല.
കുന്നംകുളം എന്ന പേര് അന്വർത്ഥമാക്കുന്ന തരത്തിൽ ഞങ്ങൾ പതിവായി പോയിരുന്ന പല സ്ഥലങ്ങളും ചെറിയതോ വലിയതോ ആയ കുന്നിൻ മുകളിൽ ആയിരുന്നു.
എല്ലാ ഞായറാഴ്ചകളിലും പോകുന്ന ഒരു കുഞ്ഞു കുന്നിന്മേലുള്ള ഗുഡ് ഷെപ്പേർഡ് എന്ന കത്തോലിക്കാ പള്ളി, അവിടെ നിന്ന് കുറച്ചു ദൂരം പോയാൽ ഞങ്ങളെല്ലാവരും കെങ്കേമമായി പെരുന്നാൾ ആഘോഷിക്കുന്ന മറ്റൊരു കുന്നിൻമേലുള്ള ഗീവർഗീസ് പുണ്യാളന്റെ അടുപ്പുട്ടി പള്ളി, ഞാൻ പഠിച്ചിരുന്ന ബഥനി സെൻറ് ജോൺസ് സ്കൂൾ.....
അത് കൊണ്ട് തന്നെ, കുന്നുകളുടെ നാട്ടിൽ നിന്ന് വരുന്ന എനിക്ക് ഇറക്കത്തേയ്ക്കിറങ്ങി പോകുന്ന പച്ചപരിഷ്ക്കാരികൾ ഉള്ള പുതിയ സ്കൂൾ തീരെ രസിച്ചില്ല.
ഞാൻ പഠിച്ചിരുന്ന ബഥനിയിൽ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടായിരുന്നു. കണ്ണെത്താത്ത ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന ഒരു സ്ഥലത്തായിരുന്നു ഞങ്ങളുടെ സ്കൂൾ. അതുകൊണ്ടു തന്നെ ഒരു കെട്ടിയിടലോ വീർപ്പു മുട്ടലുകളോ ഒന്നും അന്ന് അനുഭവിച്ചിരുന്നില്ല. പുതിയ സ്‌കൂളിൽ ആദ്യം കാണുന്നത് തന്നെ പൂട്ടിയിട്ടിരിക്കുന്ന ഗേറ്റ് ആണ്. സ്വതന്ത്ര്യത്തിന്റെ കഴുത്തിൽ കത്തി വെയ്ക്കുന്ന ഒരു പ്രതീതി. അത് കൊണ്ട് തന്നെയാകാം ബഹിർമുഖയായിരുന്ന ഞാൻ നാലു വർഷം അന്തർമുഖി ആയിരുന്നതും.
ബഥനിക്കു പ്രവേശന കവാടം ഇല്ലെന്നല്ല ഞാൻ പറഞ്ഞു വന്നത്. മറിച്ചു, മരങ്ങളും ചെടികളും പാറകളും സമ്മിശ്രമായ ആ സ്കൂളിൻറെ വ്യാപ്തിയെ പിടിച്ചു കെട്ടിയിടാൻ ആ പ്രവേശന കവാടത്തിനു സാധിക്കുമായിരുന്നില്ല എന്നാണ്.
നിരന്നു നിൽക്കുന്ന ബോഗെൻവില്ലകളും, കുടംപുളിയുടെ അടക്കം വലിയ മരങ്ങളുള്ള വിസ്താരമുള്ള, എന്നാൽ ചെത്തി മിനുക്കിയ ഒരു പറമ്പു കണക്കെ തോന്നിക്കുന്ന രണ്ടു ഗ്രൗണ്ടുകൾ. അതിനിടയിലായി
സാൻഡ്വിച്' കണക്കെ കിടക്കുന്ന ബാസ്കറ്റ് ബോൾ കോർട്ട്.
പറമ്പു കണക്കെ തോന്നിക്കുന്ന ആ സ്ഥലത്തുള്ള മാവുകളും പ്ലാവുകളും ഉൾപ്പെട്ട മരങ്ങളുടെ തണലിൽ ഇരുന്നാണ് ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കുക പതിവ്. അപ്പോഴാണ് രസകരമായ പല കഥകളും കുഞ്ഞു മനസുകളിൽ പിറവി എടുത്തിരുന്നത്.
അതിലിന്നും മനസ്സിൽ തങ്ങി നിൽക്കുന്നത് സബില പറഞ്ഞ കഥയാണ്. തൊട്ടിലിൽ ഉറക്കാൻ കിടത്തിയിരുന്ന അവളുടെ ചേട്ടനെ ഒരു ഭിക്ഷക്കാരി വന്നു കട്ടോണ്ടു പോയത്രേ . അവളുടെ 'അമ്മ ഒറ്റക്കാലിൽ നിന്ന് തപസ്സു ചെയ്തതിനു ശേഷമാണു ഭിക്ഷക്കാരിയുടെ മനസ്സ് മാറിയതും അവർ അവളുടെ സഹോദരനെ തിരികെ തൊട്ടിലിൽ കൊണ്ടു വന്നു കിടത്തിയതും.
ഭക്ഷണവും, വെടി പറച്ചിലുകളും കഴിഞ്ഞാൽ ഞങ്ങൾ പിന്നെ മുകളിലോട്ടു കയറുകയായി. അവിടെ രണ്ടു ഗോൾ പോസ്റ്റുകൾ ഉള്ള നോക്കെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന മറ്റൊരു ഗ്രൗണ്ട്.
ആ ഗ്രൗണ്ടിന്റെ അങ്ങേ അങ്ങേ ...ഏറ്റവും അങ്ങേ തലയ്ക്കൽ ആണ് ഇന്നെന്റെ ഉറ്റ സുഹൃത്തായ സെല്മയുടെ വീട്.
ഗ്രൗണ്ടിൽ നിന്നും കുറച്ചു പൊങ്ങിയ പ്രദേശത്തു ഇട തൂർന്നു നിൽക്കുന്ന മരങ്ങൾ. അവിടേയ്ക്കു ഞങ്ങൾ പോകുക പതിവല്ല. കാരണം അവിടെയാണ് ' കോമിളിച്ചി' പാർക്കുന്ന നെല്ലിക്കമരം ഉള്ളത്. പിന്നീടെപ്പോഴോ അതെല്ലാം വെട്ടി തെളിച്ചു ഒരു വലിയ ഓഡിറ്റോറിയം പണിഞ്ഞു.
അതിനു തൊട്ടിപ്പുറത്തായി ഒരു വഴിയാണ്. അതിലൂടെ പോയി ഏറ്റവും മുകളിലെത്തിയാൽ കുന്തിരിക്കം മണക്കുന്ന ഒരു ചെറിയ പള്ളി.ആ വഴിക്കപ്പുറത്തായി ഞങ്ങൾ കളിക്കാൻ പോയിരുന്ന മറ്റൊരു സ്ഥലം. അവിടെ ചെറിയതും വലിയതുമായ പാറക്കൂട്ടങ്ങൾ. അതിനടിയിൽ വെള്ളത്തിന്റെ ഉറവകളുണ്ടെന്നു ഞങ്ങൾ വിശ്വസിച്ചിരുന്നു.
ഇതൊന്നും കൂടാതെ, കൂടെ പഠിക്കുന്ന പ്രേമഭാജനങ്ങളെ വിട്ടുള്ള ഒരു പറിച്ചു നടൽ. അഞ്ചാം തരത്തിലും ആറാം തരത്തിലും ഒക്കെ മൊട്ടിട്ട പ്രണയങ്ങൾ പലരും തുറന്നു പറയാതിരുന്നത് റോയൽ എൻഫീൽഡിൽ എന്നെ സ്‌കൂളിൽ കൊണ്ട് ചെന്നാക്കുന്ന ആറടി പൊക്കവും കട്ടി മീശയും ഉള്ള എം ഡി വര്ഗീസിനെ പേടിച്ചായിരുന്നു എന്ന് പലരും പത്തിരുപതു വർ ഷങ്ങൾക്കിപ്പുറം പറഞ്ഞിട്ടുണ്ട്. ഇല്ലെങ്കിൽ ഞാൻ പ്രേമകാവ്യങ്ങൾ തന്നെ രചിച്ചേനെ.
പൂമ്പാറ്റയെ പോലെ പാറി നടന്നിരുന്ന ഞാൻ ചെന്നെത്താത്ത സ്ഥലങ്ങൾ ഇല്ലായിരുന്നു. പക്ഷെ ഒന്നിനെക്കുറിച്ചു മാത്രം കൂടുതലായി എനിക്കറിയാൻ സാധിച്ചില്ല.
അത് എൻ്റെ വീടിനടുത്തുള്ള ഒരു ഗുഹയായിരുന്നു. ചൊവന്നൂർ ഗുഹ എന്നാണ് അതിനെ വിളിക്കുന്നത്. കോൺക്രീറ്റ് കൊണ്ടുള്ള ഒരു ചെറിയ കമാനത്തിലൂടെ കടന്നാൽ ഗുഹാമുഖം കാണാം. എന്നെ ട്യൂഷൻ പഠിപ്പിച്ചിരുന്ന സുനിത ടീച്ചർ കുട്ടിയായിരുന്നപ്പോൾ തൻ്റെ കൂട്ടുകാരുമൊത്തു അതിൻ്റെ പകുതി വരെ പോയിട്ടുണ്ടത്രെ. അവിടെ ഋഷികൾക്കു കിടക്കാൻ പാകത്തിൽ കല്ലിൽ കൊത്തിയുണ്ടാക്കിയ ഒരു കട്ടിൽ അവർ കണ്ടിട്ടുണ്ടെന്ന്. ഞാനാണെങ്കിൽ ആ കമാനത്തിനടുത്തു നിന്ന് ഒന്ന് എത്തി നോക്കിയിട്ടേ ഉളളൂ.
ഇന്നായിരുന്നുവെങ്കിൽ ആ പൊളിച്ചിരിക്കുന്ന വായിലൂടെ കടന്നു അതിൻ്റെ അടിവേര് വരെ ഞാൻ ചികഞ്ഞെടുത്തേനേ. ചരിത്രത്തിനു ഒരു മുതൽക്കൂട്ടും ആയേനെ.
പക്ഷെ അപ്പോഴേക്കും അവരെന്നെ പറിച്ചു നട്ടില്ലേ.
ഇതൊക്കെ ഉള്ളിടത്തു നിന്നാണ് എന്നും ചക്ക കൂട്ടാൻ തരുന്ന ഹോസ്റ്റലിലേയ്ക്ക് എന്നെ പറഞ്ഞു വിട്ടത്. പക്ഷെ അവിടെ വെറും ഒരാഴ്ച. സ്ക്കൂളോ ഇഷ്ടപ്പെട്ടില്ല. അപ്പോഴാണ് ഹോസ്റ്റൽ. ഞാൻ അവിടെ നിന്ന് ചാടി പോകാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ അപ്പോൾ തന്നെ എന്നെ ഡാഡിയുടെ അനുജനായ പോൾ പാപ്പന്റെ വീട്ടിൽ കൊണ്ട് വിട്ടു.
അവിടെ ദേവസ്സ്യപ്പാപ്പൻ, മേരിയമ്മാമ, പോൾ പാപ്പന്റെ ഭാര്യ മിനി ആന്റി, അവരുടെ മകൻ അബി കുട്ടൻ. ചേട്ടൻ റപ്പായി പാപ്പൻ, അനുജൻ തിമത്തി പാപ്പൻ എന്നിവരടങ്ങിയ വര്ഗീസിന്റെ കുടുംബമായിരുന്നു.
വർഗീസിന്റെ വീട്ടിൽ പോകുക എന്ന് പറഞ്ഞാൽ എനിക്കൊരുത്സവമാണ്. പക്ഷെ ഇവിടെ ഞാൻ എന്നും ഉത്സവമാക്കിയത് സ്കൂളിൽ പോകാതിരുന്നാണ്. മൂത്ത പേരക്കുട്ടി ആയതു കൊണ്ടാകാം 'വയ്യ' എന്ന് പറഞ്ഞാൽ ആരും സ്‌കൂളിൽ പോകാനും നിർബന്ധിക്കാറില്ല.
ഇത് കേട്ടറിഞ്ഞു വർഗീസെത്തും. പിന്നെ അടിയുടെ പൊടി പൂരമാണ്. അതിനു ശേഷം കൊട്ടംചുക്കാദി തൈലമിട്ട മേരിയമ്മാമയുടെ തിരുമ്മലും, വർഗീസിന് വയറു നിറയെ ചീത്തയും.
നല്ല അടി വർഗീസിൻറെ കയ്യിൽ നിന്ന് കിട്ടുമായിരുന്നെങ്കിലും എന്നെ പെരുത്തിഷ്ടമാണുട്ടോ.എന്നെ കഴിഞ്ഞേ ഉള്ളൂ മറ്റാരും .ഷേർളി(മമ്മി) കേൾക്കണ്ട ..കാരണം ഷേർളിക്ക് എന്നെക്കാളും പാൽഗോവ ചെക്കനേക്കാളും( അനുജൻ) ഒരിത്തിരി ഇഷ്ടക്കൂടുതൽ വർഗീസിനോടാണ്.
അടി കിട്ടി എൻ്റെ ദേഹത്തും വർഗീസിന്റെ കയ്യിലെ തഴമ്പും കൂടി വരുക എന്നുള്ളതല്ലാതെ വേറെ മെച്ചമൊന്നും കണ്ടില്ല. പഠിച്ച് നല്ല മാർക്ക് വാങ്ങിച്ചിരുന്ന എനിക്ക് പുതിയ സ്‌കൂളിൽ വന്നപ്പോൾ മിക്ക വിഷയങ്ങളിലെ മാർക്കുകൾക്കും പതിനഞ്ചിനു മുകളിലേയ്ക്കു കയറാൻ തന്നെ വൈമനസ്യം.
അങ്ങനെയിരിക്കുമ്പോഴാണ് ഏറ്റവും ഇളയ പാപ്പനായ തിമത്തി പാപ്പന്റെ കല്യാണം. സുന്ദരിയും പതിനെട്ടുക്കാരിയുമായ ബെറ്റി ആന്റി ആണ് വധു. പുതുമോടിയായതിനാൽ അടുക്കളഭാരത്തിൻറെ നേർപകുതി എടുക്കുവാനുള്ള സമയമൊന്നും ആയിട്ടില്ല. അത് കൊണ്ട് തന്നെ കക്ഷി വീടിൻറെ പുറകിലുള്ള അമ്പഴങ്ങ മരവും, കശുമാങ്ങയും. കടച്ചക്കയും, പേരറിയാത്ത മറ്റു ചെടികളും ,ഒരു വലിയ കിണറുമുള്ള പറമ്പിൽ ഒരു ചിത്രശലഭമായി പാറി നടക്കുന്നു. എനിക്കസൂയ കലശലായി.
അപ്പോഴാണ് സ്കൂളെന്ന നരകത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി കല്യാണമാണെന്ന ചിന്ത വന്നത്. പലതും പയറ്റി നോക്കി ( അത് പിന്നീടൊരിക്കൽ കുറിക്കാം).
എന്നാൽ, ആരും എൻ്റെ കല്യാണത്തെ കുറിച്ച് 'കമ ശിവ' മിണ്ടുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ബെറ്റി ആന്റി ഗർഭിണിയാകുന്നത്. കല്യാണം കഴിഞ്ഞാൽ ഗർഭിണിയാകുമെന്ന ബോധമൊക്കെ എനിക്കുണ്ടായിരുന്നു. എന്നാൽ, കഴിക്കുന്നതൊക്കെ ഇങ്ങനെ തലതല്ലി ശർദ്ദിച്ചു തീർക്കേണ്ടി വരുമെന്ന അറിവ് എൻ്റെ കല്യാണമെന്ന മോഹത്തെ പാടെ തകർത്തു കളഞ്ഞു.
ഭക്ഷണം കഴിക്കാൻ മടി കാണിച്ചിരുന്ന ബെറ്റി ആന്റിയെ വർഗീസ് ഒരീർക്കലും പിടിച്ചു പേടിപ്പിച്ചു ഭക്ഷണം കഴിപ്പിച്ചിരുന്ന രംഗം കണ്ടപ്പോൾ ഞാനോർത്തു പോയി - ഞാനായിരുന്നു എങ്കിൽ ആ ഈർക്കിളിനു പകരം ചൂലും കെട്ടായിരുന്നേനെ എന്ന്.
വിവാഹമെന്ന മോഹം ഒരു മോഹമേ അല്ലാതായി..അങ്ങനെ ഞാൻ നല്ല കുട്ടിയായി പഠിച്ചു പത്താം തരം പാസ്സായി...
✍️ഷാലറ്റ് ജിമ്മി

No comments:
Post a Comment