Friday, November 30, 2018

ഒരു പാണിയേലിപ്പൊരു യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ തങ്കപ്പൻ ചേട്ടൻ..

published here as

  1. കാട്ടാനകളെ ഭയക്കാത്ത, കാടിനെ സ്‌നേഹിക്കുന്ന തങ്കപ്പന്‍ ചേട്ടന്‍…
  2. കാട്ടാനകളെ ഭയക്കാത്ത, കാടിനെ സ്നേഹിക്കുന്ന തങ്കപ്പന്‍ ചേട്ടന്‍


ഏകദേശം മൂന്നു വർഷങ്ങൾക്കു മുൻപ് ഒരു പാണിയേലിപ്പൊരു യാത്രക്കിടയിലാണ് തങ്കപ്പൻ ചേട്ടനെ കാണുന്നത്. അതും കയറ്റുവയിൽ വെച്ച് .പാണിയേലിപ്പോരിൽനിന്നും രണ്ടു കിലോമീറ്റർ അകലെയാണ് കയറ്റുവ.
സാധാരണ ടൂറിസ്റ്റുകൾക്ക് അപ്രാപ്യമായ സ്ഥലം. പത്രത്തിൽ നിന്നായതു കൊണ്ടാവാം ഞങ്ങൾക്ക് കയറ്റുവയിലേക്കു പോകുവാൻ ബുദ്ധിമുട്ടുണ്ടായില്ല. കൂടാതെ, വനസംരക്ഷണ സമിതിയുടെ പ്രസിഡന്റ് എംഎം ബിനുവിനെ കണ്ടു മുട്ടിയത് വലിയൊരു അനുഗ്രഹമായി. ബിനുവാണു ഞങ്ങളെ കയറ്റുവയിലേക്കു നയിച്ചത്.

പണിയേലിപ്പോരിൽ നിന്നും ഒരു ചെറിയ കാട്ടിലൂടെ വേണം കയറ്റുവയിൽ എത്താൻ. കുത്തനെ ഉള്ള റോഡ് ആയതിനാൽ നടന്നു പോകുന്നത് അത്ര സുഖകരമായ കാര്യമായിരുന്നില്ല. അത് കൊണ്ട് ബിനുവിൻറെ സഹായത്തോടെ ഒരു അംബാസിഡർ കാർ തരപ്പെടുത്തി ഞങ്ങൾ യാത്ര തുടങ്ങി. നല്ല ഇറക്കം ആയതു കൊണ്ട് കാൽനടയായി പോകുന്നതിനേക്കാൾ വളരെ പതുക്കെ ആയിരുന്നു ഞങ്ങളുടെ കാർ നീങ്ങികൊണ്ടിരുന്നത്.

യാത്രയ്ക്കിടയിൽ ബിനു ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു ” നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ കാട്ടാനയെയോ കാട്ടാനകളെയോ കാണാം.”
ആനക്കമ്പം പെരുത്ത് നിൽക്കുന്ന ഒരു നാട്ടിൽ നിന്ന് വരുന്ന എനിക്ക് പക്ഷെ എന്തോ ഒരു വല്ലാത്ത ഭീതിയാണ് അത് കേട്ടപ്പോൾ തോന്നിയത്.കൂടാതെ,ഇടയ്ക്കിടയ്ക്ക് കുറുക്കന്മാരും, ചിലപ്പോൾ പുലിയെയും ഇവിടെ കണ്ടു വരാറുണ്ട് എന്ന് പറഞ്ഞതും, ആ ഭയം ഇരട്ടിപ്പിച്ചു.


അങ്ങനെ സംഭവ ബഹുലമായി മാറിയേക്കാമായിരുന്ന ആ യാത്ര കഴിഞ്ഞു ഞങ്ങൾ കയറ്റുവയിൽ എത്തി …
വഴിയരികിൽ ഇരുവശത്തായി ഇടതൂർന്ന് നിൽക്കുന്ന കൊക്കോ മരങ്ങൾ. മിക്കതും കായ്ച്ചിട്ടുണ്ട് …
അങ്ങിങ്ങായി അടഞ്ഞു കിടക്കുന്ന വളരെ സുന്ദരമായ ചെറിയ വീടുകൾ.

ഒരു വർഷത്തിന് മുൻപ് ഏകദേശം 25 കുടുംബങ്ങൾ കയറ്റുവയിൽ പാർത്തിരുന്നു.എന്നാൽ തങ്ങളുടെ വീട്ടു മുറ്റത്തേയ്ക്ക് ആനയിറങ്ങി വന്നു തുടങ്ങിയപ്പോൾ അവർക്കു അവിടെ നിന്നും താമസം മാറ്റേണ്ടതായി വന്നു.

ആനകൾ അവരെ ഉപദ്രവിച്ചിട്ടൊന്നുമില്ലെങ്കിലും കുട്ടികൾ ഉള്ളത് കൊണ്ട് അറിഞ്ഞുകൊണ്ട് അപകടത്തിൽ ചാടേണ്ടതില്ല എന്ന് അവർ കരുതി .
എന്നാൽ എല്ലാം ഇട്ടെറിഞ്ഞു പോകാൻ കഴിയില്ലായിരുന്നു. അവർക്കു അവിടെ ഉണ്ടായിരുന്ന ഏക്കർ കണക്കിനുള്ള കൃഷിഭൂമി തന്നെ കാരണം. അത് കൊണ്ട് ഈ കുടുംബങ്ങളിലെ പുരുഷന്മാർ അതിരാവിലെ വന്നു പണിയെല്ലാം ഒതുക്കി ഒരു അഞ്ചരയോട് കൂടി അവിടം വിടും ..അഞ്ചര കഴിഞ്ഞാൽ പിന്നെ കയറ്റുവാ കാട്ടാനകളുടെ വിഹാര കേന്ദ്രമാണ്.

25 കുടുംബങ്ങൾ കയറ്റുവാ വിട്ടുപോയപ്പോൾ മൂന്നു പേർ അവിടെ തന്നെ താമസിക്കാൻ തീരുമാനിച്ചു. അതിലൊരാളായിരുന്നു നമ്മുടെ തങ്കപ്പൻ ചേട്ടൻ.
കഷ്ടിച്ച് ഒരു അഞ്ചടി പൊക്കം കാണും. നിർവികാരമായ മുഖം. സംസാരവും അതുപോലെതന്നെ.
തങ്കപ്പൻ ചേട്ടന് പോകാൻ ഒരിടവുമില്ലായിരുന്നു..കാൻസർ പിടിപെട്ട അദ്ദേഹത്തെ സ്വന്തം കുടുംബം കയ്യൊഴിയുകയായിരുന്നു. എന്നാൽ ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങൾ കേട്ടപ്പോൾ അതിനൊരു മറുവശം ഇല്ലാതില്ല എന്ന് എനിക്ക് തോന്നി. ഏതായാലും അതിലേക്കു ഞാൻ കടക്കുന്നില്ല.

ജീവിതത്തിൽ ഒരു മനുഷ്യൻ ഏതു സാഹചര്യങ്ങൾ കൊണ്ടുമാകട്ടെ ഒറ്റപ്പെട്ടു പോയാൽ അത് ഭീകരമായ ഒറ്റപ്പെടൽ തന്നെയാണ്.

” കാട്ടാനകളെ പേടിയില്ലേ,” എന്ന് ചോദിച്ചപ്പോൾ ” ഇല്ല ” എന്നായിരുന്നു മറുപടി. ” അവറ്റകൾ എന്നെ 
ഉപദ്രവിക്കില്ല. നമ്മൾ അങ്ങോട്ട് ഉപദ്രവിച്ചാൽ മാത്രമേ അതുങ്ങൾ ഇങ്ങോട്ടു ഉപദ്രവിക്കൂ . പിന്നെ അവരെ ഓടിക്കണമെങ്കിൽ ഒരു ബക്കറ്റിൽ വിളക്കോ മെഴുകുതിരിയോ കത്തിച്ചു വെച്ചാൽ മതി.” എന്ന് ധൈര്യത്തോടെ പറഞ്ഞ തങ്കപ്പൻ ചേട്ടനോട് അവിടെ ഉണ്ടായിരുന്ന ചിലർ ഒരു മറുചോദ്യം ചോദിച്ചു:

” അപ്പോൾ കുറച്ചു ദിവസം മുൻപ് തങ്കപ്പൻ ചേട്ടനെ ആന ഓടിപ്പിച്ചതോ “. ഒട്ടും കൂസാതെ തന്നെ പുള്ളി മറുപടി തന്നു . ” രണ്ടു ദിവസം മുൻപ് ഒരു കാട്ടാന എന്നെ ഓടിപ്പിച്ചും. ഇടുങ്ങിയ വഴി ആയിരുന്നത് കൊണ്ട് എനിക്ക് മുന്നോട്ടു പോകാൻ കഴിഞ്ഞില്ല . പക്ഷെ ഞാൻ എങ്ങനെ ഒക്കെയോ ആനയുടെ ശ്രദ്ധ തിരിച്ചു വിട്ടു . എന്നിട്ടു ദാ ..ആ കാണുന്ന വീടിൻ്റെ ടെറസിൽ കയറി പറ്റി. കുറേ നേരം അവൻ എന്നെ കാത്തു നിന്നു. കാണാതായപ്പോൾ സ്ഥലം വിട്ടു.”

തങ്കപ്പൻ ചേട്ടന്റെ ചെറിയ കൂരയെക്കാൾ കുറച്ചു കൂടി വലുപ്പം കാണും ആ ടെറസ് വീടിനു.

ചിലർ അങ്ങനെയാണ് …ഒരു പതർച്ചയും ഇല്ലാതെ …അത് ഒരനുഗ്രഹം കൂടിയാണ്.

അപ്പോഴേക്കും ഏകദേശം ആറു മണിയായി ..ആരൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു ” ഇനി നിൽക്കണ്ടട്ടോ ഇവിടെ . ഒരുത്തൻ ദേ പതിയെ ഇങ്ങോട്ടേക്കു ഇറങ്ങിയിട്ടുണ്ട് .”

ഞങ്ങൾ പിന്നെ വൈകിച്ചില്ല.. തിരിച്ചുള്ള യാത്രയിൽ “മത്തായി ചേട്ടനെ” കണ്ടു..ഒട്ടും സ്ഥലമില്ലാതിരുന്ന ഞങ്ങളുടെ കാറിൽ ഞങ്ങൾ അദ്ദേഹത്തെയും കയറ്റി. ആശുപത്രിയിൽ കിടക്കുന്ന ഭാര്യക്ക് കഞ്ഞിയും ആയിട്ട് പോകുകയായിരുന്നു, കക്ഷി .

ആ കാട്ടിലൂടെ നടന്നു വേണം ബസ് സ്റ്റോപ്പിൽ എത്താൻ. തങ്കപ്പൻ ചേട്ടൻ കൂടാതെ അവിടെ താമസിക്കാൻ തീരുമാനിച്ച മറ്റു രണ്ടു പേര് ഈ മത്തായി ചേട്ടനും ഭാര്യയുമായിരുന്നു.

” പ്രാരാബ്ധങ്ങൾ എല്ലാം ഒഴിഞ്ഞു. ഇനി ഞങ്ങൾ രണ്ടു പേർ മാത്രം . വരുന്നിടത്തു വെച്ച് കാണാം.”

ചിലപ്പോൾ ഇത്തരം ഓർമ്മകൾ ഒരു ഓർമ്മപ്പെടുത്തലുകൾ കൂടി ആണ് . ഞാൻ ഒരു നെടുവീർപ്പോടെ കൊച്ചിയെത്തുന്നതും കാത്തിരുന്നു.



പിൻകുറിപ്പ് : കൊച്ചിയിൽ നിന്നും 55 km അകലെയാണ്  ണിയേലിപ്പോര് എന്ന വിനോദസഞ്ചാര കേന്ദ്രം.


Pic courtesy : Mithun Vinod



No comments:

Post a Comment

രാത്രിയുടെ യാമങ്ങളിൽ .....

  രാത്രിയുടെ യാമങ്ങളിൽ കറുത്തിരുണ്ട ആകാശത്തിനു  താഴെ, കണ്ണ് ചിമ്മി നിൽക്കുന്ന മണ്ണെണ്ണ വിളക്കിനു മുന്നിലിരുന്ന്‌ ഭാവിയുടെ നേർരേഖകൾ വായിച്ചു ...